വഖഫ് ബോര്‍ഡ് നിയമനം; തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ പ്രതിഷേധമെന്ന് മുസ്ലീം സംഘടനകള്‍
ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പ്രതിഷേധം സംഘടിപ്പിക്കും. സമര പരിപാടികള്‍ പിന്നീട് തീരുമാനിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
22 Nov 2021 12:58 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിയ്ക്ക് വിടാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് മുസ്ലീം സംഘടനകള്‍. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും സംഘടന അറിയിച്ചു. ഇന്ന് ചേര്‍ന്ന മുസ്ലീം സംഘടനകളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണവെയാണ് നേതാക്കല്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര നിയമത്തിന് എതിരാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെന്നും നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പ്രതിഷേധം സംഘടിപ്പിക്കും. സമര പരിപാടികള്‍ പിന്നീട് തീരുമാനിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
വഖഫ് സ്വത്ത് ദൈവത്തിന്റേതാണ്. അതിന്റെ സംരക്ഷണം വിശ്വാസികള്‍ക്കായിരിക്കണമെന്നും മതബോധമുള്ളവരാണ് അത് കൈകാര്യം ചെയ്യേണ്ടതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. മത വിശ്വാസികള്‍ അല്ലാത്തവര്‍ മതത്തിന്റെ പേരില്‍ ഉദ്യോഗസ്ഥരായി എത്തുന്നത് വഖഫ് ബോര്‍ഡിനെ ഇല്ലാതാക്കുമെന്നാണ് സംഘടനകളുടെ നിലപാട്. നിയമപരമായി നിലനില്‍ക്കാത്ത തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. സംഘടനകള്‍ വെവ്വേറെയും ഒറ്റക്കെട്ടായും സമരം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര് നേതൃത്വം നല്കുന്ന കേരള മുസ്ലിം ജമാഅത്ത് ഒഴികയുള്ള പ്രധാനപ്പെട്ട സംഘടനകളെല്ലാം യോഗത്തില്‍ പങ്കെടുത്തു.