Top

മ്യൂസിയത്തിലെ ലൈംഗികാതിക്രമം; മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ കസ്റ്റഡിയിൽ

1 Nov 2022 3:12 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മ്യൂസിയത്തിലെ ലൈംഗികാതിക്രമം; മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ കസ്റ്റഡിയിൽ
X

തിരുവനന്തപുരം: മ്യൂസിയത്തിൽ പ്രഭാത സവാരിയ്ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായ സംഭവത്തിൽ കസ്റ്റഡിയിലെടുത്തയാളെ പൊലീസ് ചോദ്യം ചെയ്യുന്നു. മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. സംഭവം നടന്നിട്ട് ആറു ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു.

മ്യൂസിയത്തിൽ രാവിലെ നടക്കാനിറങ്ങിയപ്പോൾ കാറിൽ വന്നിറങ്ങിയ ആളാണ് തന്നെ ആക്രമിക്കാൻ ശ്രമിച്ചതെന്നായിരുന്നു യുവതിയുടെ മൊഴി. വാഹനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. സംഭവത്തിൽ സംശയമുള്ളവരെ കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. തുടർന്ന് നടത്തിയ തിരിച്ചറിയൽ പരേഡിൽ ആക്രമിച്ചയാൾ ഇല്ലെന്ന് യുവതി പറഞ്ഞതോടെ അവരെ വിട്ടയക്കുകയായിരുന്നു.

താടിവെച്ച, നല്ല പൊക്കവും ശരീരക്ഷമതയുമുളള ഒരാളാണ് തന്നെ ആക്രമിച്ചതെന്നായിരുന്നു സ്ത്രീയുടെ മൊഴി. ഇതനുസരിച്ച് പ്രതിയുടെ രേഖാചിത്രം കഴിഞ്ഞ ദിവസം പൊലീസ് പുറത്ത് വിട്ടിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എൽഎംഎസ് ജംങ്ഷനിൽ വാഹനം നിർത്തിയിട്ട ശേഷം നടന്നുവന്നാണ് പ്രതി യുവതിയെ ആക്രമിച്ചത്. തുടർന്ന് മ്യൂസിയം ഗേറ്റ് ചാടിക്കടന്ന് അകത്ത് കയറി രക്ഷപ്പെട്ടു.

STORY HIGHLIGHTS: Museum case minister Roshy Augustine s Private Secretary's driver in custody

Next Story