കല്ലമ്പലത്തെ കൊലപാതകങ്ങള്‍; സിനിമയെ വെല്ലുന്ന വഴിത്തിരിവുകള്‍, അജികുമാറിനെ കൊലപ്പെടുത്തിയത് ബിനുരാജ് തനിച്ച്
സംഭവത്തിൽ ബിനുരാജിന്റെ ഉടമസ്ഥതയിലുളള ജിം കേന്ദ്രത്തിൽ നിന്നും രക്തക്കറ പുരണ്ട കത്തിയും വസ്ത്രങ്ങളും പൊലീസ് കണ്ടെത്തി.
3 Feb 2022 4:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം കല്ലമ്പലത്തെ പിഡബ്ല്യൂഡി ഉദ്യോഗസ്ഥൻ അജി കുമാറിനെ കൊലപ്പെടുത്തിയത് സുഹൃത്തും അയൽവാസിയുമായ ബിനുരാജ് മാത്രമാണെന്ന് പൊലീസ്. കൊലപാതകത്തിന് പിന്നിൽ മുൻവൈരാഗ്യമാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മദ്യപിച്ചുണ്ടായ വാക്ക് തർക്കവും കൊലപാതക്കത്തിന് കാരണമായി. കുറ്റകൃത്യത്തിൽ മറ്റ് സുഹൃത്തുക്കൾക്ക് പങ്കില്ല. പിടിക്കപ്പെടുമെന്നുറപ്പായപ്പോൾ ബിനുരാജ് ആത്മഹത്യ ചെയ്യുകയായിരുന്നുവന്നും പൊലീസ് പറഞ്ഞു.
സംഭവത്തിൽ ബിനുരാജിന്റെ ഉടമസ്ഥതയിലുളള ജിം കേന്ദ്രത്തിൽ നിന്നും രക്തക്കറ പുരണ്ട കത്തിയും വസ്ത്രങ്ങളും പൊലീസ് കണ്ടെത്തി. ബിനുരാജിന്റെ സ്കൂട്ടറിലും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ആഴത്തിൽ കത്തി കൊണ്ട് കുത്തിയതിന്റെ മുറിവുകൾ കൊല്ലപ്പെട്ട അജികുമാറിന്റെ ശരീരത്തിലുണ്ടായിരുന്നു.
അടുത്തടുത്ത ദിവസങ്ങളിലുണ്ടായ കല്ലമ്പലത്തെ സുഹൃത്തുക്കളായ മൂന്ന് പേരുടെ മരണത്തിൽ ഏറെ ദുരൂഹതകൾ ഉയർന്നിരുന്നു. തിങ്കളാഴ്ചയാണ് പൊതുമരാമത്ത് വകുപ്പിൽ ആലപ്പുഴ ഓഫീസിൽ ജോലി ചെയ്യുന്ന അജികുമാറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്ത ദിവസങ്ങളിലായി ഇയാളുടെ സുഹൃത്തുക്കളായ അജിത്ത്, ബിനുരാജ് എന്നിവർ വാഹനമിടിച്ചും മരണപ്പെട്ടു. ഇതോടെയാണ് ദുരൂഹതയുയർന്നത്.
ഞായറാഴ്ച രാത്രി അജികുമാറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നു. പിന്നാലെയുണ്ടായ തർക്കത്തിൽ ബിനുരാജ് അജികുമാറിനെ കൊലപ്പെടുത്തി. പിന്നീട് തിങ്കളാഴ്‍ച വൈകീട്ട് ഇയാളുടെ സുഹൃത്തുക്കൾ വീണ്ടും ഒന്നുചേർന്ന് മദ്യപിച്ചു. ഇതിനിടെ മറ്റൊരു സുഹൃത്തായ സജീവാണ് അജികുമാറിനെ കൊലപ്പെടുത്തിയതെന്ന് ചില സുഹൃത്തുക്കൾ ആരോപിച്ചു. ഇതിൽ വൈരാഗ്യം തോന്നിയ സജീവ് സുഹൃത്തുക്കളായ അജിത്ത്, പ്രമോദ് എന്നിവരെ പിക്അപ്പ് വാനിടിച്ച് കയറ്റി. അജിത് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. പ്രമോദ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
അജിതിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയതിൽ സജീവ് അറസ്റ്റിലായതോടെയാണ് കൊലപാതക വിവരങ്ങൾ പുറത്തു വരുന്നത്. കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് സജീവ് പൊലീസിനോട് പറഞ്ഞു. അജി കുമാറിന്റെ കൊലപാതകത്തിന് പിന്നിൽ അയൽവാസിയായ ബിനുരാജാണെന്നും സജീവ് പൊലീസിന് മൊഴി നൽകി. പിടിക്കപ്പെടുമെന്നുറപ്പായതോടെ ചൊവ്വാഴ്ച ബിനുരാജ് ബസിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. അജിത്തിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സജീവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.