Top

യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം; ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി കീഴടങ്ങി

14 March 2022 2:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം; ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി കീഴടങ്ങി
X

കൊല്ലപ്പെട്ട അരുണ്‍കുമാര്‍

പാലക്കാട്: യുവമോര്‍ച്ച തരൂര്‍ പഞ്ചായത്ത് സെക്രട്ടറി അരുണ്‍ കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി കീഴടങ്ങി. സിപിഐഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ അടിപിടിക്കിടെ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവമോര്‍ച്ച നേതാവ് മരിച്ച സംഭവത്തിലാണ് നടപടി. പാലക്കാട് പഴമ്പാലക്കോട് സ്വദേശി മിഥുന്‍ ആണ് കീഴടങ്ങിയത്. ഇതോടെ കേസില്‍ പിടിയിലാവരുടെ എണ്ണം ഏഴായി.

മാര്‍ച്ച് രണ്ടിന് ശിവരാത്രി ഉത്സവത്തിനിടെ പഴമ്പാലക്കോട് അമ്പലത്തിനു സമീപമാണ് ആക്രമണം ഉണ്ടായത്. ഒരു കൂട്ടം സിപിഐഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അരുണിനെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. കമ്പികൊണ്ട് അരുണിന്റെ നെഞ്ചില്‍ കുത്തുകയും, സോഡാ ബോട്ടില്‍ എറിഞ്ഞതിനെയും തുടര്‍ന്നാണ് അരുണിന് പരുക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അരുണ്‍ കഴിഞ്ഞ ഒമ്പത് ദിവസമായി നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 11 നാണ് അരുണിന്റെ മരണം സ്ഥിരീകരിച്ചത്.

അതേസമയം, പാലക്കാട് തരൂരിലെ യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തില്‍ രാഷ്ട്രീയമില്ലെന്നാണ് പൊലീസ് നിലപാട്. കൊലപാതകത്തിന് പിന്നില്‍ സിപിഐഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് ആരോപണം ബിജെപി രംഗത്തെത്തിയതിന് പിന്നാലെയാണ് വിശദീകരണവുമായി പൊലീസ് രംഗത്തെത്തിയത്. ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പാലക്കാട് എസ്പി ആര്‍ വിശ്വനാഥിന്റെ വിശദീകരണം. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയില്ല. പെട്ടന്നുണ്ടായ പ്രകോപനമാണ് കൊലപാതക കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight: Murder of Yuva Morcha leader palakkad tharoor DYFI unit secretary surrendered

Next Story