Top

ആലപ്പുഴയിലെത്തിയത് 'ഭീകരതയ്ക്ക് കീഴടങ്ങില്ല' ക്യാമ്പയിന് വേണ്ടി: ഗൂഢാലോചന ആരോപണത്തില്‍ വത്സന്‍ തില്ലങ്കേരി

ചേർത്തല വയലാറിലെ സംഘപരിവാർ പ്രവർത്തകന്‍ നന്ദുവിന്റെ കൊലപാതകത്തിന്റെ തുടർച്ചയാണോ നിലവിലെ സംഭവങ്ങളെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 'അറിയില്ല' എന്നായിരുന്നു വത്സന്‍ തില്ലങ്കേരിയുടെ മറുപടി.

19 Dec 2021 9:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആലപ്പുഴയിലെത്തിയത് ഭീകരതയ്ക്ക് കീഴടങ്ങില്ല ക്യാമ്പയിന് വേണ്ടി: ഗൂഢാലോചന ആരോപണത്തില്‍ വത്സന്‍ തില്ലങ്കേരി
X

ആലപ്പുഴ മണ്ണഞ്ചേരിയിലെ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്റെ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം തള്ളി ആർഎസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫിന്റെ ആരോപണം തീർത്തും അടിസ്ഥാന രഹിതമാണെന്നും ആർക്കും ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാവുന്നതേ ഉള്ളൂ എന്നുമായിരുന്നു മാധ്യമപ്രവർത്തകരോടുള്ള വത്സന്‍ തില്ലങ്കേരിയുടെ പ്രതികരണം.

തന്നെപോലെയുള്ള ഹിന്ദു ഐക്യവേദി നേതാക്കളെയും സംഘപരിവാര്‍ പ്രവര്‍ത്തകരെയും ആരോപണം ഉന്നയിച്ച് കൊലപ്പെടുത്തുക എന്ന ലക്ഷ്യംവെച്ചുകൊണ്ട് ഇതിനുമുന്‍പും നീക്കങ്ങള്‍ നടന്നതായും അത്തരത്തില്‍ ആസൂത്രിതമായ ആരോപണമാണിതെന്നും ആർഎസ്എസ് നേതാവ് മാധ്യമങ്ങളോട് പറഞ്ഞു

ഷാന്റെ കൊലപാതകത്തില്‍ ആർഎസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നതായും തില്ലങ്കേരി പരസ്യമായി കലാപാഹ്വാനം നടത്തിയിരുന്നുവെന്നുമായിരുന്നു എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റിന്റെ ആരോപണം.

കഴിഞ്ഞ കുറച്ചു ദിവസമായി ഹിന്ദു ഐക്യവേദിയുടെ സംഘടനാ യാത്ര എല്ലാ ജില്ലകളിലും നടത്തിവരികയാണ്. സംഘടനാപരമായ പരിപാടികള്‍ക്കൊപ്പം കഴിഞ്ഞ 15 മുതല്‍ ആരംഭിച്ച 'ഭീകരതയ്ക്ക് കേരളം കീഴടങ്ങില്ല' എന്ന ക്യാമ്പയിന്റെ ഭാഗമായി ഓരോസ്ഥലത്തും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞദിവസം ആലപ്പുഴയില്‍ ഹിന്ദു സംഘടനകള്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിച്ചതെന്നും വെകിട്ടുവരെ ആലപ്പുഴയിലുണ്ടായിരുന്നതായും വത്സന്‍ തില്ലങ്കേരി വിശദീകരിച്ചു.

ചേർത്തല വയലാറിലെ സംഘപരിവാർ പ്രവർത്തകന്‍ നന്ദുവിന്റെ കൊലപാതകത്തിന്റെ തുടർച്ചയാണോ നിലവിലെ സംഭവങ്ങളെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 'അറിയില്ല' എന്നായിരുന്നു വത്സന്‍ തില്ലങ്കേരിയുടെ മറുപടി. എസ്ഡിപിഐ ്പ്രവർത്തകന്റെ കൊലപാതകത്തില്‍ ആറോളം ആർഎസ്എസ് പ്രവർത്തകരെ കസ്റ്റഡിയെടുത്ത സംഭവത്തില്‍ പൊലീസ് അന്വേഷിച്ച് യഥാർത്ഥ പ്രതികളെ കണ്ടെത്തട്ടെ എന്നുമായിരുന്നു പ്രതികരണം.

അതേസമയം, ആലപ്പുഴയില്‍ എസ്ഡിപിഐ നേതാവ് ഷാനിന്റെ കൊലപാതകത്തില്‍ ആര്‍എസ്എസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്ന സംശയം പ്രകടിപ്പിച്ച് എഎം ആരിഫ് എംപിയും രംഗത്തെത്തി. കണ്ണൂരില്‍ നിന്ന് ചില ആര്‍എസ്എസ് നേതാക്കള്‍ കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ വന്നിരുന്നെന്നും ചേര്‍ത്തല വയലാറില്‍ ഉണ്ടായതിന് തിരിച്ചടി കൊടുത്തില്ല എന്ന ചര്‍ച്ച ആ അവസരത്തില്‍ ഉണ്ടായിരുന്നതായി കേള്‍ക്കുന്നുണ്ടെന്നും ആരിഫ് എംപി പറഞ്ഞു. ഇക്കാര്യങ്ങള്‍ ശരിയാണോയെന്ന് തനിക്ക് വ്യക്തമല്ലെന്നും എംപി കൂട്ടിച്ചേര്‍ത്തു.

'പല ഘട്ടത്തിലും പരസ്പരം സഹായിക്കുന്ന വര്‍ഗീയ ശക്തികളാണ് ആര്‍എസ്എസും എസ്ഡിപിഐയും. കേസുകള്‍ പരസ്പരം ഒത്തു തീര്‍ത്ത് പരസ്പരം രക്ഷപെടുത്തി പോകുന്നത് കണ്ടിട്ടുണ്ട്. അതിനെതിരെയും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കി അതില്‍ നിന്ന് മുതലെടുക്കാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്.' അത് മനസിലാക്കാനും സമാധാന അന്തരീക്ഷം നിലനിര്‍ത്താനും ജനാധിപത്യ ശക്തികള്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും ആരിഫ് ആവശ്യപ്പെട്ടു.

Next Story