Top

വധ ഗൂഢാലോചനാ കേസ്; എഫ്‌ഐആര്‍ റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയില്‍

അഭിഭാഷകന്‍ ബി രാമന്‍പിള്ള മുഖേനയാണ് ഹര്‍ജി നല്‍കിയത്.

14 Feb 2022 10:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വധ ഗൂഢാലോചനാ കേസ്; എഫ്‌ഐആര്‍ റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയില്‍
X

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് കേസിലെ ഒന്നാം പ്രതിയും നടനുമായ ദിലീപ്. ഇതുസംബന്ധിച്ച് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. അഭിഭാഷകന്‍ ബി രാമന്‍പിള്ള മുഖേനയാണ് ഹര്‍ജി നല്‍കിയത്.

ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും തെളിവുകളില്ലെന്നുമാണ് ഹര്‍ജിയിലെ പ്രധാന വാദം. പരാതിക്കാരനായി ഉദ്യോഗസ്ഥന്‍ ബൈജു പൗലോസും സംവിധാനയകന്‍ ബാലചന്ദ്രകുമാറും ഗൂഢാലോചന നടത്തിയെന്നുമാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. കേസില്‍ ദിലീപ് അടക്കമുള്ള അഞ്ച് പ്രതികളും ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ടും ദിലീപ് നേരത്തെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘം വിചാരണ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നായി ദിലീപിന്റെ ഹര്‍ജിയിലെ ആവശ്യം.

നടിയെ ആക്രമിച്ച കേസിലെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വിചാരണക്കോടതിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും തുടരന്വേഷണം വലിച്ചു നീട്ടാന്‍ അന്വേഷണ സംഘം ശ്രമിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. ഇതിനു പിന്നാലെയാണ് അടുത്ത ഹര്‍ജി.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിനും കൂട്ടാളികള്‍ക്കുമെതിരെയുള്ള കുറ്റം പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതി ഇന്നലെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പ്രതികള്‍ ഫോണുകള്‍ ഹാജരാക്കാത്തത് നിസ്സഹകരണമായി കാണാനാവില്ല. കൈവശമുള്ള ഫോണുകള്‍ പ്രതികള്‍ ഹാജരാക്കിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു. കുറ്റം തെളിയിക്കുന്നതിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനായിട്ടില്ലെന്നും മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കൊണ്ട് കോടതി ചൂണ്ടിക്കാട്ടിയിരിന്നു.

Next Story