Top

വധ ഗൂഢാലോചന കേസ്; ദിലീപിന്റെ സുഹൃത്തും നിര്‍മ്മാതാവുമായ റോഷന്‍ ചിറ്റൂരിനെ ചോദ്യം ചെയ്യുന്നു

ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് അന്വേഷണം ദിലീപിന്‍റെ സുഹൃത്തുക്കളിലേക്ക് വ്യാപിപ്പിച്ചത്.

7 March 2022 10:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വധ ഗൂഢാലോചന കേസ്; ദിലീപിന്റെ സുഹൃത്തും നിര്‍മ്മാതാവുമായ റോഷന്‍ ചിറ്റൂരിനെ ചോദ്യം ചെയ്യുന്നു
X

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ഒന്നാം പ്രതിയായ ദിലീപിന്റെ സുഹൃത്തും നിര്‍മ്മാതാവുമായ റോഷന്‍ ചിറ്റൂരിനെ ചോദ്യം ചെയ്യുന്നു. പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് അന്വേഷണം ദിലീപിന്‍റെ സുഹൃത്തുക്കളിലേക്ക് വ്യാപിപ്പിച്ചത്.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പുരോഗമിക്കുകയാണ്. ജനുവരിയിലാണ് കേസില്‍ തുടരന്വേഷണം ആരംഭിച്ചത്. തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് നല്‍കിയിരുന്ന ഒരു മാസത്തെ സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ച സാഹചര്യത്തില്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസത്തെ സമയം കൂടി നല്‍കാന്‍ വിചാരണക്കോടതി സുപ്രീം കോടതിയോട് തേടിയിരുന്നു.

എന്നാല്‍ അന്വേഷണത്തിലെ വീഴ്ചകള്‍ മറച്ചുവയ്ക്കാനാണ് തുടരന്വേഷണമെന്നാണ് ദിലീപ് ഉന്നയിച്ചിരുന്നത്. തനിക്കെതിരെ വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയാണെന്നും ദിലീപ് കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയാണെന്ന വാദം പ്രോസിക്യൂഷന്‍ തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുള്ള ദൃശ്യങ്ങള്‍ ഡിജിറ്റലി ലോക്ക് ചെയ്തതാണ്. കേസില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

അതിനിടെ, അഞ്ച് വര്‍ഷത്തെ മൗനത്തിന് ശേഷം താന്‍ നേരിട്ട അതിക്രമത്തെക്കുറിച്ചും കടന്നു പോയ പ്രതിസന്ധികളെക്കുറിച്ചും തുറന്ന് പറഞ്ഞ് നടി ഭാവന രംഗത്തെത്തി. മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തുമായുള്ള അഭിമുഖത്തിലാണ് നടി ആദ്യമായി തുറന്നു പറച്ചില്‍ നടത്തിയത്. ആക്രമണം നേരിട്ട ശേഷം തന്റെ ജീവിതം മാറി മറഞ്ഞത്, ഇരയെന്ന പേരിട്ട് മുഖ്യധാരയില്‍ നിന്നും തന്റെ പേര് തന്നെ അപ്രത്യക്ഷമായത്, സിനിമാ മേഖലയില്‍ നിന്നുണ്ടായ മോശം പ്രതികരണങ്ങളും പിന്തുണയും തുടങ്ങിയ വിഷയങ്ങള്‍ ഭാവന സംസാരിച്ചു.

എന്ത് സംഭവിച്ചാലും താന്‍ നിയമപോരാട്ടം തുടരുമെന്നും താന്‍ തെറ്റൊന്നും ചെയ്യാത്തിനാല്‍ തളരാതെ മുന്നോട്ട് പോവുമെന്നും ഭാവന പറഞ്ഞു. എനിക്ക് എന്റെ നിരപരാധിത്വം തെളിയിക്കണം. എന്റെ അഭിമാനം കഷ്ണങ്ങളായി ചിതറി. എനിക്കത് തിരിച്ചു വേണം. എന്റെ കുടുംബം. എന്റെ സുഹൃത്തുക്കള്‍, ഡബ്ല്യുസിസി തുടങ്ങി നിരവധി പേര്‍ എനിക്കൊപ്പം നിന്നു. എനിക്കത് വാക്കുകളില്‍ പറയാന്‍ പറ്റില്ല. എനിക്ക് സംഭവിച്ചത് സംഭവിച്ചു. അതിലൂടെ കടന്നു പോയേ പറ്റൂ. പക്ഷെ എനിക്ക് പോരാടണം.ഇപ്പോഴും എനിക്ക് പേടിയുണ്ട്. നീതിക്ക് വേണ്ടി പോരാടുക എളുപ്പമല്ല. ചിലപ്പോള്‍ ഞാന്‍ വളരെ ദുഖിതയാണ്. ചിലപ്പോള്‍ നിരാശയിലും ചിലപ്പോള്‍ ദേഷ്യത്തിലും. നേരിട്ട ലൈംഗിതാതിക്രമങ്ങളെ പറ്റി നിരവധി പേര്‍ എന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്. അത് വളരെ ഞെട്ടിക്കുന്നതും ദുഖകരവുമായിരുന്നു. ഞാന്‍ തുറന്നു പറഞ്ഞ് രംഗത്ത് വന്നത് ശരിയായ തീരുമാനമാണെന്ന് എനിക്ക് വ്യക്തമായ ബോധ്യമുണ്ടെന്നും ഭാവന പറഞ്ഞു.

STORY HIGHLIGHTS: Murder conspiracy case crime interrogating producer Roshan chittoor

Next Story