മേയര്‍ എം കെ വര്‍ഗ്ഗീസിനെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി; യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കെതിരെ വധശ്രമത്തിന് കേസ്
അതിനിടെ മേയറുടെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചെന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്
7 April 2022 3:54 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃശൂര്‍: കോര്പ്പറേഷന് മേയര്‍ എം കെ വര്‍ഗ്ഗീസിനെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചുവെന്ന പരാതിയില്അഞ്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പ്രതിപക്ഷ കൗണ്‍സിലര്‍മാരായ രാജന് പല്ലന്, ജോണ്‍ ഡാനിയേല്‍, ലാലി ജെയിംസ്, ശ്രീലാല്‍ ശ്രീധര്‍, എ കെ സുരേഷ് എന്നിവര്‍ക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. മേയറുടെ ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാക്കി പെട്രോള്‍ കൊണ്ടുവന്ന് തീ കൊളുത്തി മേയറെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് പരാതി. കൗണ്‍സില്‍ ഹാള്‍ നശിപ്പിച്ചതിനും, ചേംബറില്‍ അതിക്രമിച്ച കയറിയതിനും ഔദ്യോഗിക വാഹനം നശിപ്പിച്ചതിനും, പ്രധാനപ്പെട്ട ചില രേഖകള്മേയറുടെ ചേംബറില്‍ നിന്ന് നഷ്ടപ്പെട്ടതിനും പൊതുമുതല്‍ നശിപ്പിക്കല്‍ ചട്ടപ്രകാരവും കേസെടുത്തിട്ടുണ്ട്.
അതിനിടെ മേയറുടെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചെന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്. മേയര്‍ എംകെ വര്‍ഗീസിനും ഡ്രൈവര്‍ ലോറന്സിനുമെതിരെയാണ് കൊലപാതക ശ്രമത്തിന് കേസെടുത്തത്. കഴിഞ്ഞ ദിവസം കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് നടന്ന പ്രതിപക്ഷ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. നഗരത്തില്‍ വിതരണം ചെയ്യുന്ന കുടിവെളളത്തിന് പകരം ചെളിവെള്ളം വിതരണം ചെയ്തുവെന്നാരോപിച്ച് ചൊവ്വാഴ്ച മേയറുടെ ചേമ്പറിലും കൗണ്‍സില്‍ ഹാളിലുമായി പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചിരിരുന്നു.
വൈകുന്നേരം നാല് മണിക്കാണ് കൗണ്‍സില്‍ യോഗം ചേരാനിരുന്നത്. ഇതിനായി മേയര്‍ സ്ഥലത്തെത്തി. ഈ സമയത്ത് കൗണ്‍സിലര്‍മാര്‍ മേയറുടെ കോലവുമായാണ് എത്തിയത്. കോലത്തില്‍ ചെളിവെള്ളം ഒഴിക്കാനായിരുന്നു പദ്ധതി.ഇതറിഞ്ഞ മേയര്‍ കോര്പ്പറേഷന് കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോയി. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ വിടാതെ മേയറെ പിന്തുടര്ന്നു. തുടര്‍ന്ന് മേയറുടെ ചേമ്പറിന് മുന്നില്‍ പ്രതിഷേധം തുടങ്ങി. തുടര്‍ന്ന് ചേമ്പര്‍ വിട്ടിറങ്ങിയ മേയര്‍ കാറില്‍ കയറി കൗണ്‍സിലര്‍മാര്‍ കാറിന് മുന്നില്‍ മേയറെ തടയുകയായിരുന്നു. കാര്‍ മുന്നോട്ടെടുത്തപ്പോള്‍ ഒരു കൗണ്‍സിലര്‍ക്ക് പരിക്കേറ്റു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. തടയുന്ന കൌണ്‍സിലര്‍മാരെ വകവയ്ക്കാതെ ഡ്രൈവറോട് കാറ് മുന്നോട്ടെടുക്കാന്‍ മേയര്‍ ആവശ്യപ്പെട്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.