'ചുവപ്പിനേക്കാള്‍ താല്‍പര്യം കാവിയോട്'; മോദിക്കും ഷായ്ക്കും ശേഷം കോണ്‍ഗ്രസിന്റെ പതനം ആഗ്രഹിക്കുന്നത് പിണറായിയെന്ന് മുരളീധരന്‍
ദേശീയതലത്തില്‍ ബിജെപിക്കെതിരായ കേന്ദ്ര ബിന്ദു കോണ്‍ഗ്രസാണെന്നും മുരളീധരന്‍ പറഞ്ഞു.
24 Oct 2021 6:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സഹകരണത്തെ എതിര്‍ക്കുന്ന സിപിഐഎം കേരള ഘടകത്തിനെതിരെ വിമര്‍ശനവുമായി കെ മുരളീധരന്‍ എം പി. നരേന്ദ്ര മോദിയും അമിത് ഷായും കഴിഞ്ഞാല്‍ കോണ്‍ഗ്രസിന്റെ നാശം ആഗ്രഹിക്കുന്നത് പിണറായി വിജയനാണെന്ന് മുരളീധരന്‍ പറഞ്ഞു. കേരളത്തില്‍ സിപിഐഎം നരേന്ദ്ര മോദിയുടെ കാര്‍ബണ്‍ കോപ്പിയാണ്. പകല്‍ സിപിഐഎമ്മും രാത്രിയില്‍ ബിജെപിയുമായ നേതാവാണ് പിണറായി വിജയനെന്നും മുരളീധരന്‍ പരിഹസിച്ചു.
പിണറായിക്ക് ചുവപ്പിനേക്കാള്‍ താത്പര്യം കാവിയോടാണ്. കര്‍ഷക സമരത്ത കുറിച്ച് അഭിപ്രായം പറയാത്ത ഏക ബിജെപി ഇതര മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ബിജെപി- സിപിഐഎം കൂട്ടുകെട്ട് കാരണമാണ് ലാവ്‌ലിന്‍ കേസ് നീണ്ടുപോകുന്നതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. ദേശീയതലത്തില്‍ ബിജെപിക്കെതിരായ കേന്ദ്ര ബിന്ദു കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കെ റെയില്‍ പദ്ധതി ഒരു കാരണവശാലും നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു. മര്‍ദ്ദനവും ജയില്‍ വാസവും ഏല്‍ക്കേണ്ടി വന്നാലും സമ്മതിക്കില്ല. കെ റെയില്‍ എന്ന പകല്‍ക്കൊള്ള പദ്ധതിക്ക് വേണ്ട വന്‍തുക എവിടെ നിന്നാണ് കിട്ടുന്നത്. പ്രളയ ഫണ്ടിന് കാശില്ലാത്ത സര്‍ക്കാര്‍, പദ്ധതിക്കായുള്ള തുക എവിടെ നിന്നാണ് കണ്ടെത്തുന്നത്. എന്ത് വില കൊടുത്തും പദ്ധതി തടയും. വികസനത്തിന്റെ പേരില്‍ നടത്തുന്നത് തീവെട്ടിക്കൊള്ളയാണ്. പദ്ധതിക്ക് വേണ്ടി വാശി പിടിക്കുന്നതിന് പിന്നില്‍ പ്രത്യേക താല്‍പര്യമുണ്ടോ എന്ന് സംശയിക്കുന്നതായും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.