കേന്ദ്രം/സംസ്ഥാനം?; എംപിമാരുടെ പ്രതിഷേധം,നിരയില്‍ സുരേഷ്‌ഗോപിയും; മറുപുറത്ത് ജോസും ചാഴിക്കാടനും
മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തും നല്‍കി
7 Dec 2021 10:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് സര്‍ക്കാര്‍ മുല്ലപ്പെരിയാര്‍ ഡാം തുറന്നുവിടുന്ന നടപടിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ എംപിമാര്‍. നിരവധി തവണ തമിഴ്‌നാട് സര്‍ക്കാര്‍ നിരുത്തരവാദപരമായി പെരുമാറിയിട്ടും സര്‍ക്കാരും ജലവിഭവ മന്ത്രിയും മുഖ്യമന്ത്രിയും പ്രശ്‌നത്തില്‍ ഇടപെടുന്നില്ലെന്ന് പ്രതിപക്ഷ എംപിമാര്‍ ആരോപിക്കുന്നു. ഇന്ന് പാര്‍ലമെന്റിന് മുന്നില്‍ നടത്തിയ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് എംപിമാരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബെഹ്നാന്‍, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, രമ്യാ ഹരിദാസ് എംപി എന്നിവര്‍ക്കൊപ്പം ബിജെപി എംപി സുരേഷ്‌ഗോപിയും പങ്കെടുത്തു. വിഷയത്തിലെ സര്‍ക്കാര്‍ ഇടപെടല്‍ കേവലം കത്തിലൊതുക്കാതെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി മുഖ്യമന്ത്രി നേരിട്ട് കൂടികാഴ്ച്ച നടത്തണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇതേ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിക്കുകയാണ് കേരളം കോണ്‍ഗ്രസ് എം പ്രതിനിധികള്‍. എംപി മാരായ ജോസ് കെ മാണിയും തോമസ് ചാഴിക്കാടനും പാര്‍ലമെന്റ് കവാടത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തും നല്‍കി.
തിങ്കളാഴ്ച്ച രാത്രിയും മുല്ലപെരിയാര്‍ ഡാം തമിഴ്‌നാട് തുറന്നുവിട്ടു. തുടര്‍ച്ചയായ ദിവസങ്ങളില്‍ രാത്രിയില്‍ ഡാം തുറന്നുവിടുന്നതില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് ഇന്നലേയും ആവര്‍ത്തിച്ചത്. സംഭവ സ്ഥലം സന്ദര്‍ശിക്കാനെത്തിയ മന്ത്രി റോഷി അഗസ്റ്റിനെതിരെ പ്രതിഷേധവും ഉയര്‍ന്നിരുന്നു. വള്ളക്കടവ് കറുപ്പ് പാലത്തു വെച്ചാണ് റോഷിക്ക് നേരെ പ്രതിഷേധമുയര്‍ന്നത്. ഇവിടെ വെച്ച് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെയും പൊലീസിന് നേരെയും പ്രതിഷേധം ഉണ്ടായി.