Top

മീറ്റിങ് നടന്നോ?; തിരുത്തിയിട്ടും തീരാതെ മുല്ലപ്പെരിയാര്‍ മരം മുറി; മന്ത്രിമാര്‍ക്കിടയിലും ഭിന്നത

10 Nov 2021 8:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മീറ്റിങ് നടന്നോ?; തിരുത്തിയിട്ടും തീരാതെ മുല്ലപ്പെരിയാര്‍ മരം മുറി; മന്ത്രിമാര്‍ക്കിടയിലും ഭിന്നത
X

മുല്ലപ്പെരിയാര്‍ മരം മുറി വിഷയത്തില്‍ കേരളത്തിലെ മന്ത്രിമാര്‍ക്കിടയില്‍ ഭിന്നത. വനം വകുപ്പ് മ്ന്ത്രി എകെ ശശീന്ദ്രനെ തള്ളി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ രംഗത്തെത്തി. മുല്ലപ്പെരിയാറില്‍ മരംമുറിക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുല്ലപ്പെരിയാറില്‍ സംയുക്ത പരിശോധന നടന്നു എന്ന വാദം തള്ളിയ റോഷി അഗസ്റ്റന്‍ ഇത്തരം ഒരു പരിശോധനയില്‍ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. വനം മന്ത്രി പറഞ്ഞത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കാര്യമായിരിക്കാമെന്നും റോഷി അഗസ്്റ്റിന്‍ ചൂണ്ടിക്കാട്ടി. ഒന്നാം തീയതി ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിട്ടില്ല, യോഗത്തിന്റെ മിനിറ്റ്‌സോ മറ്റ് രേഖകളോയില്ല. ഇക്കാര്യം ജലവിഭവവകുപ്പ് അഡീഷണല്‍ സെക്രട്ടറി തന്നെ അറിയിച്ചിട്ടുണ്ട്. ജലവിഭവ വകുപ്പില്‍ നിന്ന് ഉത്തരവ് ഇറങ്ങിയിട്ടില്ല. ഇറങ്ങിയെന്ന് തെളിയിച്ചാല്‍ മരവിപ്പിക്കും. ഡാം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞാല്‍ അതാണ് സര്‍ക്കാരിന്റെ പോളിസിയെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍ മരം മുറി വിഷയത്തില്‍ വനം മന്ത്രി എ കെ ശശീന്ദ്രന്റെ തിരുത്ത് സഭയില്‍ എത്തിയതിന് പിന്നാലെയാണ് ഭിന്ന നിലപാടുമായി ജലവിഭവ വകുപ്പ് മന്ത്രി രംഗത്തെത്തിയത്. മുല്ലപ്പെരിയാറില്‍ സംയുക്ത പരിശോധന നടത്തിയിട്ടില്ലെന്നു നേരത്തെ മന്ത്രി പറഞ്ഞത് പരിശോധന നടത്തി എന്നായിരുന്നു ഇന്ന് തിരുത്തിയത്. വനം മന്ത്രിക്ക് വേണ്ടി മന്ത്രി കെ കൃഷ്ണന്‍കുട്ടിയാണ് നിയമസഭയില്‍ തിരുത്ത് അവതരിപ്പിച്ചത്. സംയുക്ത പരിശോധന നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ചായിരുന്നു തിരുത്ത് നല്‍കിയത്. ഉത്തരവ് മരവിപ്പിച്ചതായും അദ്ദേഹം അറിയിച്ചു.

എന്നാല്‍, മരം മുറിയില്‍ വനം വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ ജലവിഭവ വകുപ്പ് മന്ത്രിയുടെ വാദം തെറ്റാണെന്ന് തളിയിക്കുന്ന പരാമര്‍മശമാണ് ഉള്ളത്.

അതേസമയം, മന്ത്രിമാരുടെ നിലപാടിലെ ഭിന്നതയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം രംഗത്ത് എത്തി. ബേബി ഡാം ശക്തിപ്പെടുത്തി തമിഴ്‌നാട് അത് സുപ്രീംകോടതിയെ അറിയിച്ചാല്‍ ജലനിരപ്പ് 152 ആക്കാന്‍ അനുമതി കിട്ടും. പിന്നെ എങ്ങനെ പുതിയ ഡാം പണിയും എന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ചോദിച്ചു. വനം മന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് കുറ്റുപ്പെടുത്തിയ പ്രതിപക്ഷനേതാവ് സഭയില്‍ തിരുത്തിയതിനു മുന്‍പ് മന്ത്രി എകെജി സെന്റര്‍ മുന്നില്‍ മാധ്യമങ്ങള്‍ക്ക് പ്രതികരണം നല്‍കിയത് ശരിയല്ലെന്നും ഇത് സഭയുടെ അവകാശ ലംഘനം ആണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.

Next Story