മുല്ലപ്പെരിയാർ: മരംമുറിക്ക് അനുമതി തേടി തമിഴ്നാട് സുപ്രിംകോടതിയില്‍
മരംമുറിക്കുള്ള അനുമതി റദ്ദാക്കിയത് കോടതിയലക്ഷ്യമെന്നും തമിഴ്നാട് ഹർജിയില്‍ ആരോപിക്കുന്നു.
26 Nov 2021 11:14 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുല്ലപ്പെരിയാർ മരംമുറി അനുമതി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സുപ്രിംകോടതിയില്‍. ബേബി ഡാമിന് സമീപത്തെ 15 മരങ്ങള്‍ മുറിക്കാന്‍ മരംമുറിക്കാൻ അനുമതി തേടിയാണ് തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലപ്പെടുത്തേണ്ടതുണ്ടെന്നും അതിനുള്ള തടസ്സം നീക്കണമെന്നും ആവശ്യപ്പെടുന്നതാണ് ഹർജി.
മരംമുറിക്കുള്ള അനുമതി റദ്ദാക്കിയത് കോടതിയലക്ഷ്യമെന്നും തമിഴ്നാട് ഹർജിയില്‍ ആരോപിക്കുന്നു. മരംമുറിക്കുള്ള അനുമതിക്ക് പുറമെ വള്ളക്കടവ് റോഡിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിന് കേരളത്തിന് നിര്‍ദേശം നല്‍കണമെന്ന ആവശ്യവും ഹർജിയില്‍ തമിഴ്നാട് മുന്നോട്ടുവെക്കുന്നുണ്ട്.
അണക്കെട്ട് ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട മരംമുറി ഉത്തരവിന് നന്ദി അറിയിച്ചുകൊണ്ട് എംകെ സ്റ്റാലിന് കേരളത്തിന് പത്രകുറിപ്പ് പുറത്തിറക്കിയതോടെയായിരുന്നു മരംമുറി വിഷയം പുറത്തുവന്നത്. വനം വകുപ്പ് മന്ത്രിയുടെ അറിവില്ലാതെ ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ബെന്നിച്ചന് തോമസാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് പിന്നീട് മന്ത്രി വിശദീകരണം നല്‍കുകയും ഉത്തരവ് റദ്ദാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ മരം മുറിക്കാന്‍ അനുമതി നല്‍കുന്നതിന് മുമ്പ് കേരളവും തമിഴ്നാടും നടത്തിയ സംയുക്ത പരിശോധനയുടെ തെളിവുകളടക്കം പിന്നീട് പുറത്തുവന്നിരുന്നു. എത്ര മരങ്ങള്‍ മുറിക്കണമെന്ന് ജൂണ്‍ 11 ന് പരിശോധിക്കുകയും 15 മരങ്ങള്‍ മുറിക്കാമെന്ന് കണ്ടെത്തിയിരുന്നുവെന്നും തെളിയിക്കുന്നതായിരുന്നു മേല്‍നോട്ട സമിതി അധ്യക്ഷന്‍ സംസ്ഥാന ജല വിഭവ സെക്രട്ടറിക്ക് നല്കിയ കത്ത്.