Top

മരംമുറി അനുമതി നൽകിയത് ചീഫ് സെക്രട്ടറിയുടെ അറിവോടെ; കൂടുതൽ രേഖകൾ പുറത്ത്

വനം-ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥർ മാത്രമല്ല ചീഫ് സെക്രട്ടറിയുടെ ഓഫീസും മരം മുറി അറിഞ്ഞിരുന്നുവെന്ന തെളിയിക്കുന്ന രേഖകളാണ് പുറത്ത് വന്നിട്ടുളളത്.

12 Nov 2021 12:20 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മരംമുറി അനുമതി നൽകിയത് ചീഫ് സെക്രട്ടറിയുടെ അറിവോടെ; കൂടുതൽ രേഖകൾ പുറത്ത്
X

മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തു നിന്ന് മരം മുറിക്കുന്നതിന് ഉത്തരവിട്ടത് ചീഫ് സെക്രട്ടറിയുടെ അറിവോടെയാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. കേരളം മരം മുറിക്കുന്നതിന് തമിഴ്‌നാടിന് വേണ്ടി സുപ്രീം കോടതിയിൽ അനുകൂല നിലപാട് സ്വീകരിച്ചത് ചീഫ്‌ സെക്രട്ടറിയുടെ അറിവോടെയാണെന്ന് തെളിയിക്കുന്ന രേഖകൾ റിപ്പോർട്ടറിന് ലഭിച്ചിരിക്കുന്നത്. മരംമുറിയുമായി ബന്ധപ്പെട്ട് എ.ജിയുടെ ഓഫീസ് ചീഫ് സെക്രട്ടറിയുടെ ഓഫീസുമായി നടത്തിയ ഇ ഫയൽ രേഖകളാണ് ചാനലിന് ലഭിച്ചത്. ഇതോടെ ഉദ്യോഗസ്ഥരെ മാത്രം പ്രതിസ്ഥാനത്ത് നിർത്തുന്ന സർക്കാർ നടപടി കൂടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

ബേബി ഡാമിന്റെ സമീപത്ത് നിന്ന് ഒക്ടോബർ പതിമൂന്നിന് തന്നെ പതിനഞ്ച് മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ചീഫ്‌ സെക്രട്ടറിയെ എ.ജിയുടെ ഓഫീസിൽ നിന്ന് അറിയിച്ചിരുന്നു. സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ നൽകിയ സത്യവാങ്മൂലത്തിന്റെ ഭാഗമായിരുന്നു ഈ ഫയൽ നീക്കം. മരംമുറിയുമായി ബന്ധപ്പെട്ട് സർക്കാർ നിലപാട് എന്തെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്നിട്ടുളള രേഖകൾ.

ബേബി ഡാമിന് സമീപത്തുള്ള മരങ്ങൾ മുറിക്കുന്നത് സംബന്ധിച്ച ഉത്തരവിറങ്ങിയത് കേരളവും തമിഴ്‌നാടും ചേർന്ന് നടത്തിയ വിശദമായ ചർച്ചകൾക്ക് ശേഷമാണെന്നും സംസ്ഥാന സർക്കാറിലെ മരം മുറി ഉന്നത ഉദ്യോഗസ്ഥരും വിഷയം അറിഞ്ഞിട്ടുണ്ടെന്ന രേഖകൾ റിപ്പോർട്ടർ ടിവി നേരത്തെ പുറത്തുവിട്ടിരുന്നു.

നേരത്തെ പുറത്തുവന്ന രേഖകളിൽ മരം മുറി അനുമതി പരിഗണിക്കുന്നു എന്ന് വനം പ്രിൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കുന്നുണ്ട്. തമിഴിനാടിന് ടി.കെ.ജോസ് നൽകിയ മിനിട്‌സിൽ അനുമതിക്ക് നടപടി എടുത്തു കൊണ്ടിരിക്കുന്നു എന്നും ചൂണ്ടിക്കാട്ടുന്നു. യോഗത്തിൽ ജല വിഭവ സെക്രട്ടറിയും ഉത്തരവ് ഇറക്കിയ ബെന്നിച്ചൻ തോമസും പങ്കെടുത്തിരുന്നു എന്നും വ്യക്തമാക്കുന്നതാണ് രേഖകൾ. മരം മുറിയ്ക്കാൻ സെപ്തംബർ 17 ന് തന്നെ തീരുമാനിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുറത്ത് വന്ന രേഖകൾ. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും 25 ഉദ്യോഗസ്ഥർ സെപ്തംബർ 17ന് ചർച്ച നടത്തിയതായാണ് രേഖകളിലുള്ളത്.

മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തെ മരം മുറി അനുമതി സംബന്ധിച്ച് ഏകപക്ഷീയമായ തീരുമാനം എടുത്തുവെന്ന് ആരോപിച്ച് ഉദ്യോഗസ്ഥർക്കെതിരെ ഇന്നലെ നടപടി എടുത്തിരുന്നു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ ഇത് പ്രകാരം സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെയാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്.

Next Story