മുല്ലപ്പെരിയാര്‍ മരംമുറി: കേരളത്തിലെ ജനങ്ങളെ മറന്നുള്ള നടപടിയെന്ന് ബിജെപി; വിവാദം കൊഴുക്കുന്നു
മരം മുറി വിഷയത്തില്‍ അന്വേഷണം വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനും ആവശ്യപ്പെട്ടു.
7 Nov 2021 5:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് 15 മരങ്ങള്‍ മുറിക്കാന്‍ കേരളം അനുമതി നല്‍കിയെന്ന വിവാദത്തില്‍ സര്‍ക്കാറിനെതിരെ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുല്ലപ്പെരിയാര്‍ ഡാം പരിസരത്ത് മരംമുറിക്കാന്‍ അനുമതി നല്‍കിയത് സര്‍ക്കാര്‍ അറിഞ്ഞിട്ടില്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് വിഷയത്തില്‍ കെ സുരേന്ദ്രന്റെ പ്രതികരണം. ഇപ്പോള്‍ നടക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞുകൊണ്ടുള്ള നാടകമാണെന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. കേരളത്തിലെ ജനങ്ങളെ മറന്നുള്ള നടപടിയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബേബി ഡാമിന് സമീപത്തെ മരം മുറി വിഷയത്തില്‍ വനം മന്ത്രി പറയുന്നത് വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. എന്താണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ മരംമുറി വിഷയം ഗൗരവമുള്ള വിഷയമാണെന്നായിരുന്നു പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്റെ പ്രതികരണം. സര്‍ക്കാര്‍ അറിയാതെ മരം മുറിച്ച് മാറ്റാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ കാണിച്ചത് ഗുരുതരമായ തെറ്റാണെന്നും വാഴൂര്‍ സോമര്‍ കുറ്റപ്പെടുത്തി. മരം മുറി വിഷയത്തില്‍ അന്വേഷണം വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനും ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്കയകറ്റാന്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാറിലെ മരം വെട്ടാന്‍ നല്‍കിയ അനുമതി ഉടന്‍ റദ്ദാക്കണമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ് ആവശ്യപ്പെട്ടു. മന്ത്രി അറിയാതെയാണ് ഉദ്യോഗസ്ഥന്‍ തീരുമാനമെടുത്തതെങ്കില്‍ ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. ഉദ്യോഗസ്ഥര്‍ അനുമതി നല്‍കി എന്ന് പറഞ്ഞ് കൈ കഴുകാന്‍ ആവില്ല. വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. മുഖ്യമന്ത്രി ഇടപെടണമെന്നും പി. ജെ ജോസഫ് ആവശ്യപ്പെട്ടു.
ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് 15 മരങ്ങള്‍ മുറിക്കാന്‍ കേരളം അനുമതി നല്‍കിയതായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചതിന് പിന്നാലെയാണ് കേരളത്തില്‍ വിവാദം പൊട്ടിപ്പുറപ്പെട്ടത്. മുല്ലപ്പെരിയാര്‍ ഡാം പരിസരത്ത് മരംമുറിക്കാന്‍ അനുമതി നല്‍കിയത് സര്‍ക്കാര്‍ അറിഞ്ഞിട്ടില്ലെന്നും മരംമുറിയെപ്പറ്റി മുഖ്യമന്ത്രിയോ ബന്ധപ്പെട്ട വകുപ്പോ അറിഞ്ഞത് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ കത്ത് കിട്ടിയപ്പോഴാണെന്നും വനം മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചത് വിവാദം കൊഴുപ്പിച്ചു. വിഷയത്തില്‍ ചീഫ് ഫോറസ്റ്റ് ഓഫീസറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.