Top

മുല്ലപ്പെരിയാര്‍ വിഷയം; 'അടിയന്തര ഇടപെടല്‍ വേണം', പുതിയ ഹര്‍ജിയുമായി കേരളം സുപ്രീം കോടതിയിലേക്ക്

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ നിലവില്‍ ആകെ അഞ്ച് ഷട്ടറുകളാണ് ഉയര്‍ത്തിയിട്ടുള്ളത്.

7 Dec 2021 3:01 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുല്ലപ്പെരിയാര്‍ വിഷയം; അടിയന്തര ഇടപെടല്‍ വേണം, പുതിയ ഹര്‍ജിയുമായി കേരളം സുപ്രീം കോടതിയിലേക്ക്
X

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതി അടിയന്തരമായി ഇടപെടണം എന്ന ആവശ്യവുമായി കേരളം. അണക്കെട്ടില്‍ നിന്നും രാത്രിയില്‍ ഏകപക്ഷീയമായി തമിഴ്‌നാട് വെള്ളം തുറന്ന് വിടുന്നതിനെതില്‍ കോടതി ഉടന്‍ ഇടപെടണമെന്ന ആവശ്യപ്പെട്ട് കേരളം നാളെ പുതിയ അപേക്ഷ നല്‍കും.

അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ നിലവില്‍ ആകെ അഞ്ച് ഷട്ടറുകളാണ് ഉയര്‍ത്തിയിട്ടുള്ളത്. 2099.95 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഈ സാഹചര്യത്തില്‍ പെരിയാര്‍ തീരത്തുളളവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി.

അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നത് കണക്കിലെടുത്താണ് ഷട്ടറുകള്‍ തുറക്കാന്‍ കാരണം. കഴിഞ്ഞ ദിവസം രാത്രി മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു. ഡാമിന്റെ പരിസരപ്രദേശത്തുള്ള നിരവധി വീടുകളില്‍ വെള്ളം കയറിയിരുന്നു. മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറക്കുന്ന തമിഴ്‌നാടിന്റെ നടപടിക്കെതിരെ വിമര്‍ശനം ശക്തമാകുന്ന പശ്ചാത്തലത്തിലും ജനങ്ങളുടെ ആശങ്കയും കണക്കിലെടുത്താണ് കേരളം സുപ്രീം കോടതിയില്‍ പുതിയ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Next Story