Top

മുല്ലപെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു

മുല്ലപ്പെരിയാറില്‍ അണക്കെട്ടിലെ ജലനിരപ്പ് രാവിലെയോടെ 141 അടിയിലേക്ക് ഉയര്‍ന്നിരുന്നു

18 Nov 2021 3:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുല്ലപെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു
X

ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക് എത്തിയതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും തുറന്നു. മൂന്നും നാലും സ്പില്‍വേ ഘട്ടറുകള്‍ തുറന്ന് 772 ഘനയടി ജലമാണ് ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കിയത്.

മുല്ലപ്പെരിയാറില്‍ അണക്കെട്ടിലെ ജലനിരപ്പ് രാവിലെയോടെ 141 അടിയിലേക്ക് ഉയര്‍ന്നിരുന്നു. പ്രദേശത്ത് ആറ് മണിയോടെ രണ്ടാമത്തെ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ ഉച്ചമുതല്‍ ശക്തമായ മഴയാണ്.

ഇടുക്കി അണക്കെട്ടിലും നീരൊഴുക്ക് ശക്തമാണ്. നിലവിലെ ജലനിരപ്പ് 2,399.38 അടിയാണ്. ഇടുക്കി കല്ലാര്‍ അണക്കെട്ട് രാത്രി തുറന്നു. സെക്കന്‍ഡില്‍ 10,000 ലീറ്റര്‍ വെള്ളമാണ് ഒഴുക്കുന്നത്. അതേസമയം, സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒന്‍പത് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രാദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലായ 2400.03 അടിക്ക് മുകളില്‍ വന്ന പശ്ചാത്തലത്തില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ആവശ്യമെങ്കില്‍ ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി വിടും. ചെറുതോണി പെരിയാര്‍ എന്നീ പുഴകളുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.



Next Story