വനം മന്ത്രി വിളിച്ച യോഗത്തില്‍ മുല്ലപ്പെരിയാര്‍ മരം മുറി ചര്‍ച്ചയായില്ല; വിഷയം ചീഫ് സെക്രട്ടറി അന്വേഷിക്കുന്നുണ്ടല്ലോയെന്ന് എ കെ ശശീന്ദ്രന്
19 Nov 2021 6:19 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുല്ലപ്പെരിയാര്‍ മരം മുറി വിവാദം ചര്‍ച്ച ചെയ്തില്ല. വിഷയം ചീഫ് സെക്രട്ടറി അന്വേഷിക്കുന്ന സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യേണ്ടെന്ന വനം മന്ത്രിയുടെ നിര്‍ദ്ധേശത്തെ തുടര്‍ന്നാണ് വിഷയം ചര്ച്ചയ്ക്കെടുക്കാതിരുന്നത്. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി ഉദ്യോഗസ്ഥര്‍ ഇടപെടല്‍ നടത്തിയാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും യോഗത്തില്‍ മന്ത്രി മുന്നറിയിപ്പ് നല്കി.
ഇന്നലെയാണ് മന്ത്രി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തത്. യോഗത്തില്‍ മുല്ലപ്പെരിയാറിലെ മരം മുറിയും ബെന്നിച്ചന് തോമസിന്റെ സസ്പെന്‍ഷനും അടക്കം ചര്‍ച്ചയ്ക്ക് കൊണ്ടു വരാനായിരുന്നു ഉദ്യോഗസ്ഥരുടെ നീക്കം. എന്നാല്‍ യോഗത്തിന്റെ തുടക്കത്തില്‍ തന്നെ വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് മന്ത്രി അറിയിച്ചതോടെ വിഷയം ചർച്ച ചെയ്തതുമില്ല.
വിഷയത്തില്‍ ചീഫ് സെക്രട്ടറി തല അന്വേഷണം നടക്കുകയാണ്. ഈ സാഹചര്യത്തില്‍ ചര്‍ച്ച ചെയ്യുന്നത് ശരിയല്ലെന്ന നിലപാട് മന്ത്രി സ്വീകരിക്കുകയായിരുന്നു. അതേ സമയം യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ കടുത്ത വിമര്‍ശനം മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായി. സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമായി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഇടപെടല്‍ ഉണ്ടായാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും മന്ത്രി നല്‍കിയിട്ടുണ്ട്. ഫയലുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത വേണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ധേശം നല്കി. സര്‍ക്കാരിനെ തന്നെ പ്രതിസന്ധിയിലാക്കിയ മരംമുറി വിവാദം ഐഎഎസ്- ഐഎഫ്എസ് ഭിന്നതയിലേക്കും കാര്യങ്ങള്‍ എത്തിച്ചിരിന്നു.