Top

'ആശയപരമായ വിരോധമുണ്ട്'; വീട്ടിൽ വെച്ച് നടന്ന ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാതിരുന്നതിൽ ദുഃഖം അലട്ടുന്നെന്ന് മുല്ലപ്പള്ളി

25 July 2022 12:48 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആശയപരമായ വിരോധമുണ്ട്; വീട്ടിൽ വെച്ച് നടന്ന ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാതിരുന്നതിൽ ദുഃഖം അലട്ടുന്നെന്ന് മുല്ലപ്പള്ളി
X

കോഴിക്കോട്: കോൺഗ്രസിനുളളിലും പുറത്തും തനിക്ക് ആരോടെങ്കിലും വിരോധമുണ്ടെങ്കിൽ അത് ആശയപരമായി മാത്രമാണെന്ന് മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. കോഴിക്കോട് ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാത്തതിന്റെ കാരണം പാർട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിയോട് വ്യക്തമാക്കും. സ്വന്തം മണ്ണിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തിൽ കടുത്ത മനോവ്യഥയുണ്ട്. ഇത് സംബന്ധിച്ച് ചില കോണുകളിൽ നിന്നും പുറത്ത് വന്ന വാർത്തകൾ തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. കോൺഗ്രസിന്റെ നാളെയുടെ റോഡ് മാപ്പ് തയ്യാറാക്കിയ ചിന്തൻ ശിബിരമാണ് കോഴിക്കോട് നടന്നതെന്നും മുല്ലപ്പളളി പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'2019ലെ ലോകസഭ തെരഞ്ഞെടുപ്പിൽ വെല്ലവുവിളി ഏറ്റടുത്തുകൊണ്ട് കോൺഗ്രസിന് കേരളത്തതിൽ 20ൽ 19 സീറ്റ് കിട്ടിയെന്നത് എങ്ങനെയാണോ അത് പോലെ മുന്നോട്ട് പോകണമെന്നാണ് ഇന്നലെ ചിന്തൻ ശിബിരത്തിലും വ്യക്തമാക്കിയത്. നാളത്തെ കോൺഗ്രസിന്റെ റോഡ് മാപ്പ് തയ്യാറാക്കിയ ചിന്തൻ ശിബിരമാണ് കോഴിക്കോട് നടന്നത്. പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചത് ഡിസിസി പ്രസിഡണ്ട് പ്രവീൺകുമാർ മാത്രമാണ്'.

'എന്റെയും നിങ്ങളുടെയും മണ്ണാണ് കോഴിക്കോട്. ഞാൻ കളിച്ചു നടന്ന, പഠിച്ചുവളർന്ന നാടാണ് ഇത്. അന്ന് മുതൽ ഈ മണ്ണുമായി എനിക്ക് അഭേദ്യമായ ബന്ധമുണ്ട്. എന്റെ വീട്ടിൽ വച്ചാണ് ചിന്തൻ ശിബിരം നടന്നത്. അതിൽ പങ്കെടുക്കാൻ കഴിയാതെ പോയല്ലോ എന്ന ദുഃഖം എന്നെ വല്ലാതെ അലട്ടുന്നുണ്ട്. പക്ഷേ ഇത് സംബന്ധിച്ച് പുറത്ത് വന്ന വാർത്തകൾ തികച്ചും തെറ്റിദ്ധാരണാജനകമാണ്, അങ്ങേയറ്റം മനോവ്യഥ എനിക്ക് ഉണ്ടാക്കിയിട്ടുണ്ട്. സത്യാവസ്ഥ നിങ്ങൾ മനസിലാക്കണം. ഇത് സംബന്ധിച്ച് എന്നെ സ്നേഹിക്കുന്ന പാർട്ടി പ്രവർത്തകരും അല്ലാത്തവരുമായ ഒരുപാട് ആളുകൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ട്. അവരുടെ തെറ്റിദ്ധാരണ പൂർണ്ണമായും മാറ്റാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു'.

'എന്തുകൊണ്ടാണ് ഞാൻ ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാത്തതെന്നതിന്റെ വ്യക്തമായ വസ്തുതകൾ പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയെ കൃത്യമായി ധരിപ്പിക്കും. സോണിയ ഗാന്ധിക്ക് എന്നെ നന്നായി അറിയാം. 1984 മുതൽ പാർട്ടിയുടെ വലിയ ഉത്തരവാദിത്ത്വങ്ങൾ എന്നെ ഏൽപ്പിച്ചിട്ടുണ്ട്. എന്റെ പാർട്ടിയോടുളള കൂറും രാഷ്ട്രീയമായ സത്യസന്ധതയെയും കുറിച്ചും അവർക്ക് അറിയാം. താൻ അച്ചടക്കമുളള ഒരു പാർട്ടി പ്രവർത്തകനാണ്. ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാത്തതിന്റെ കാരണം ആദ്യം പാർട്ടിയോട് വ്യക്തമാക്കും. അതിന് ശേഷം മാധ്യമങ്ങളോട് ഇതിനെപറ്റി പ്രതികരിക്കും. വ്യക്തപരമായിട്ട് ആരോടും തനിക്ക് വിരോധമില്ല. കോൺഗ്രസിനുളളിലും പുറത്തും ആരോടെങ്കിലും വിരോധമുണ്ടെങ്കിൽ അത് ആശയ പരമായിട്ട് മാത്രമാണ്,' എന്നും മുല്ലപ്പളളി പറഞ്ഞു.

STORY HIGHLIGHTS: Mullapally Ramachandran says if there is any opposition to anyone it is only conceptual

Next Story