Top

'ശശി തരൂരിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളില്‍ സ്ഥിരതയില്ല, രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കണം'; മുല്ലപ്പള്ളി രാമചന്ദ്രന്‍

20 Sep 2022 5:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശശി തരൂരിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളില്‍ സ്ഥിരതയില്ല, രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കണം; മുല്ലപ്പള്ളി രാമചന്ദ്രന്‍
X

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കേണ്ട നല്ല സമയമിതാണെന്ന് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ശശി തരൂരിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളില്‍ സ്ഥിരതയില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കേണ്ട നല്ല സമയമിതാണ്. അദ്ദേഹത്തിന് മാത്രമേ ജനങ്ങളെയും പാര്‍ട്ടിയെയും ശക്തിപ്പെടുത്താന്‍ കഴിയുകയുള്ളൂ. സംശയത്തിന്റെ ഒരു കണിക പോലുമില്ലാതെ പറയാന്‍ കഴിയും രാഹുലാണ് മതേതരത്വത്തിന്റെ യഥാര്‍ത്ഥ പോരാളി. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ശശി തരൂര്‍ പറഞ്ഞത് അദ്ദേഹത്തിന് നിരവധി രാഷ്ട്രീയ വഴികള്‍ ഇപ്പോഴുമുണ്ടെന്നാണ്. ഈ പ്രസ്താവനയില്‍ നിന്ന് മനസ്സിലാക്കാം, രാഷ്ട്രീയ കാഴ്ചപ്പാടുകളില്‍ സ്ഥിരതയില്ലെന്ന്', മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്തെ ഭൂരിപക്ഷം കോണ്‍ഗ്രസ് നേതാക്കളും രാഹുല്‍ ഗാന്ധി തന്നെ ദേശീയ അദ്ധ്യക്ഷനായി മടങ്ങി വരണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്ഥതനായ അശോക് ഗെഹ്‌ലോട്ടിനോട് ഇഷ്ടക്കുറവില്ലെങ്കിലും ഗാന്ധി കുടുംബത്തില്‍ നിന്ന് തന്നെയൊരാള്‍ നേതൃത്വത്തില്‍ ഉണ്ടാവണമെന്നാണ് നേതാക്കള്‍ ആഗ്രഹിക്കുന്നത്.

ശശി തരൂര്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ തിങ്കളാഴ്ച സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ചക്കൊടുവിലാണ് തരൂരിന് മത്സരിക്കാന്‍ സോണിയ അനുമതി നല്‍കിയെന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Story Highlights: MULLAPALLY RAMACHANDRAN AGAINST SASHI THAROOR

Next Story