Top

'പ്രവാചകൻ ജീവിച്ചിരുന്നെങ്കിൽ പോപുലർ ഫ്രണ്ട് നേതാക്കളെ തല്ലുമായിരുന്നു'; രൂക്ഷ വിമർശനവുമായി മുജാഹിദ് ബാലുശ്ശേരി

27 April 2022 12:34 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രവാചകൻ ജീവിച്ചിരുന്നെങ്കിൽ പോപുലർ ഫ്രണ്ട് നേതാക്കളെ തല്ലുമായിരുന്നു; രൂക്ഷ വിമർശനവുമായി മുജാഹിദ് ബാലുശ്ശേരി
X

തളിപ്പറമ്പ്: സമീപകാല രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ വിമർശനവുമായി പ്രമുഖ സലഫി പ്രഭാഷകൻ മുജാഹിദ് ബാലുശ്ശേരി. പ്രവാചകൻ മു ഹമ്മദ് നബി ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ പോപുലർ ഫ്രണ്ട് നേതാക്കളെ തല്ലുമായിരുന്നുവെന്ന് മുജാഹിദ് ബാലുശ്ശേരി കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ വെച്ചു നടത്തിയ പ്രസം ഗത്തിൽ കുറ്റപ്പെടുത്തി. പ്രഭാഷണം സോഷ്യൽ മീഡിയയിൽ വൈറലാണ്. ക്ഷമയാണ് ഇസ്ലാമിക വിശ്വാസികളുടെ ആയുധം. സമുദായത്തിന്റെ പേരിൽ നടത്തുന്ന ഇത്തരം കൊലപാതകങ്ങൾ യാതൊരു വിധത്തിലും ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാലക്കാടും ആലപ്പുഴയിലും നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട വിഷയവുമായി ബന്ധപ്പെടുത്തിയാണ് മുജാഹിദ് ബാലുശേരി പോപുലർ ഫ്രണ്ടിനെ വിമർശിച്ചത്. ഇസ്ലാമിന്റെ ആയുധം ക്ഷമയാണ്. സമുദായത്തിന്റെ പേരിൽ നടത്തുന്ന കൊലപാതകങ്ങൾ യാതൊരു കാരണവശാലും അം ഗീകരിക്കാനാവില്ല. വൈകാരികമായി നടപ്പിലാക്കുന്ന ഇത്തരം പ്രവൃത്തികൾ സമുദായത്തിന് ഗുണത്തെക്കാൾ ഏറെ ദോഷമാണ് ചെയ്യുക. ഇത്തരം അവസരങ്ങൾ മുതലെടുക്കാൻ ശത്രുക്കൾ തക്കം പാർത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

'മുഹമ്മദ് നബി ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ എൻഡിഎഫ് (പിഎഫ്ഐ) നേതാക്കളെ തല്ലുമായിരുന്നു. അടുത്ത രണ്ട് വർഷത്തേക്ക് എൻഡിഎഫിനെതിരെ പ്രചാരണം നടത്താൻ ഞാൻ തീരുമാനിച്ചു. എനിക്കെതിരെ ആക്രമണം നടത്തിയാലും അതിന് മാറ്റമില്ല. അല്ലാഹുവിന്റെ മതത്തെ സ്നേഹിക്കുന്ന ഒരാൾക്ക് ഒരു നിമിഷം പോലും എൻഡിഎഫിനെ സ്നേഹിക്കാൻ കഴിയില്ല. എൻഡിഎഫിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഞാൻ ശേഖരിക്കുകയും കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ അവർ നടത്തിയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്''

'പകരം വീട്ടൽ കൊലപാതകങ്ങൾ ജൂത പാരമ്പര്യമാണ്, ഇസ്ലാമികമല്ല, എല്ലാക്കാര്യങ്ങളിലും ഈ രീതി നടപ്പിലാക്കുമോ? നിങ്ങളുടെ വീട്ടിൽ മോഷണം നടത്തിയവരുടെ കൈ വെട്ടുമോ എന്നും വ്യഭിചാരത്തിൽ ഏർപ്പെടുന്നവരെ നിങ്ങൾ കല്ലെറിഞ്ഞു കൊല്ലുമോ? പോപ്പുലർ ഫ്രണ്ട് ആർഎസ്എസിനെ സഹായിക്കുകയാണ്. പോപ്പുലർ ഫ്രണ്ട് ആർഎസ്എസിനെ എതിർക്കുകയല്ല, യഥാർത്ഥത്തിൽ അവരെ സഹായിക്കുകയാണ് ചെയ്യുന്നത്. വിശുദ്ധ റമദാനിൽ ഇസ്ലാം മതസ്ഥരെ പള്ളിക്ക് മുന്നിൽ വെച്ച് കൊല്ലുക എന്ന അജണ്ടയാണ് ആർഎസ്എസിനുള്ളത്. ആർഎസ്എസിന്റെ ലക്ഷ്യം നേടാൻ സഹായിക്കുന്നവർ മുസ്ലീങ്ങളുടെ സഹായി അല്ല'' മുജാഹിദ് ബാലുശ്ശേരി പറഞ്ഞു.

Story Highlight: Mujahid Balussery against popular front of India

Next Story