'ബിജെപി പിന്തുണയില്‍ കൊപ്പത്ത് ലീഗ് പ്രസിഡന്റ്'; എല്‍ഡിഎഫിനെ താഴെയിറക്കിയ ലീഗ് നേതാവിനെ യുഡിഎഫ് ആദരിക്കുമോയെന്ന് മുഹമ്മദ് മുഹസിന്
9 May 2022 9:41 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പട്ടാമ്പി: കൊപ്പം ഗ്രാമപഞ്ചായത്തില്‍ ബിജെപി പിന്തുണയോടെ ലീഗ് അംഗം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതില്‍ വിമര്‍ശനവുമായി മുഹമ്മദ് മുഹസിന് എംഎല്‍എ. ബിജെപിയോടും യുഡിഎഫിനോടും ചോദ്യങ്ങളുമായാണ് എംഎല്‍എ രംഗത്തെത്തിയത്. ലീഗിന് വോട്ട് ചെയ്ത ബിജെപി അംഗത്തെ അയോഗ്യനാക്കാന്‍ ബിജെപി ജില്ലാ പ്രസിഡന്റിനോട് ചോദിച്ച എംഎല്‍എ പ്രസിഡന്റാവാന്‍ ബിജെപി ജില്ലാ നേതൃത്വവുമായി അവിശുദ്ധ മുന്നണി കൂടിയ ലീഗ് നേതാവിനെ ആദരിക്കുമോ എന്നും ചോദിച്ചു.
യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി പിന്തുണയില്‍ പാസായതോടെയായിരുന്നു കൊപ്പം ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായത്. എല്‍ഡിഎഫിനും യുഡിഎഫിനും എട്ട് അംഗങ്ങള്‍ വീതമായിരുന്നു ഉണ്ടായിരുന്നത്. ബിജെപിയുടെ ഒരംഗം യുഡിഎഫിനെ പിന്തുണക്കുകയായിരുന്നു.
സിപിഐഎം 7, മുസ്ലിം ലീഗ് 7, കോണ്‍ഗ്രസ് 3, ബിജെപി 1, സ്വതന്ത്രര്‍ 2 എന്നിങ്ങനെയാണ് ഭരണസമിതിയിലെ കക്ഷിനില. എല്‍ഡിഎഫ് അധികാരത്തിലേറി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
മുഹമദ് മുഹസിന് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്:
കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് : ബിജെപി വഴിയൊരുക്കി, മുസ്ലിം ലീഗ് അംഗം പ്രസിഡണ്ടായി!!!
നിലവിലുണ്ടായിരുന്ന പ്രസിഡന്റിനെ പുറത്താക്കാന്‍ ബിജെപി വോട്ട് മുസ്ലിം ലീഗിന് ഹലാലായി. വിപ്പ് ലംഘിച്ചതിന് അംഗത്തെ അയോഗ്യനാക്കാതെ പുറത്താക്കല്‍ നാടകം മാത്രം നടത്തി ബിജെപി യുഡിഎഫിന്റെ ബി ടീമാക്കി.
ചുക്കാന്‍ പിടിച്ച ബിജെപി ജില്ലാ പ്രസിഡന്റിനോട്: യുഡിഎഫിനെ പിന്തുണച്ച താമര ചിഹ്നത്തില്‍ ജയിച്ച അംഗത്തെ അയോഗ്യനാക്കുന്ന നടപടി സ്വീകരിക്കാന്‍ ധൈര്യമുണ്ടോ?
യുഡിഎഫ് ലീഗ് നേതൃത്വത്തോട് : ഇടതുപക്ഷത്തെ താഴെയിറക്കി പഞ്ചായത്ത് പ്രസിഡന്റാവാന്‍ ബിജെപി ജില്ലാ നേതൃത്വവുമായി അവിശുദ്ധ മുന്നണി കൂടിയ ലീഗ് നേതാവിനെ ആദരിക്കുമോ, പുറത്താക്കുമോ ??
STORY HIGHLIGHTS: Muhammed Muhsin mla criticism against Koppam Grama Panchayath UDF and BJP