Top

'പറഞ്ഞത് ശരിയാണ്, പക്ഷെ ചിറാപുഞ്ചിയല്ല കേരളം'; മുഹമ്മദ് റിയാസിന്റെ പ്രതികരണം

4 Dec 2021 8:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പറഞ്ഞത് ശരിയാണ്, പക്ഷെ ചിറാപുഞ്ചിയല്ല കേരളം; മുഹമ്മദ് റിയാസിന്റെ പ്രതികരണം
X

പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോ‍‍ഡില്‍ പ്രസിദ്ധപ്പെടുത്തുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടന വേളയിൽ നടൻ ജയസൂര്യ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. ജയസൂര്യയുടെ അഭിപ്രായത്തെ മാനിക്കുന്നെന്നും പറഞ്ഞതിൽ കാര്യമുണ്ടെന്നും റിയാസ് പറഞ്ഞു. പക്ഷെ ചിറാപുഞ്ചിയിലെയും കേരളത്തിലെയും റോഡ് വികസനത്തെ താരമത്യം ചെയ്യാൻ പറ്റില്ലെന്നും മന്ത്രി പറഞ്ഞു.

അദ്ദേഹം ആ പ്രസംഗത്തിലെ മഹാഭൂരിപക്ഷവും പ്രസംഗത്തില്‍ സര്‍ക്കാരിന്റെ പ്രവ്യത്തിയെ പിന്തുണച്ചാണ് സംസാരിച്ചത്. അഞ്ച് ശതമാനം മാത്രമാണ് വിമർശനം. അത് സ്വാഭാവികം മാത്രമാണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ അഭിപ്രായം ഉണ്ടാവും. അദ്ദേഹം ചിറാപുഞ്ചിയാണ് ഉദാഹരണമായി പറഞ്ഞത്. അവിടെ പതിനായിരം കിലോമീറ്റര്‍ റോഡാണുള്ളത്. കേരളത്തില്‍ മൂന്നരലക്ഷത്തോളം റോഡുകളുണ്ട്. കേരളത്തില്‍ ഈ പ്രതികൂല കാലാവസ്ഥയിലും മഹാഭൂരിപക്ഷം റോഡുകള്‍ക്കും ഒരു കേടും പറ്റിയിട്ടില്ല. അതിപ്പോഴും സംരക്ഷിക്കപ്പെടുന്നുണ്ട്. പക്ഷെ മഴ ഒരു പ്രശ്‌നമാണ്. അദ്ദേഹം പറഞ്ഞത് ശരിയാണ്. അയ്യോ മഴ എന്ന് പറഞ്ഞ് പ്രയാസപ്പെടുകയല്ല പരിഹാരമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

റോഡ് നികുതി അടയ്ക്കുന്ന ജനങ്ങൾക്ക് നല്ല റോഡ് വേണം എന്നാണ് നടൻ ജയസൂര്യ അഭിപ്രായപ്പെട്ടത്. പല ഭാഗങ്ങളിലും വളരെ മോശം റോഡുകളാണ് ഉള്ളത്. റോഡുകളിലെ കുഴികൾ മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് കരാറുകാരനെതിരെ കേസ് എടുക്കണം എന്നും അദ്ദേഹം പറഞ്ഞു.

മഴയാണ് റോഡ് അറ്റകുറ്റപണിയുടെ തടസം എന്ന വാദം ജനങ്ങൾ അറിയേണ്ട കാര്യം ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി. റോഡിലെ കുഴികളിൽ വീണ് അപകടം ഉണ്ടാകുമ്പോൾ കരാറുകാരനെതിരെ കേസ് എടുക്കണം . ടോൾ കാലാവധിയുടെ കാര്യത്തിലും വ്യക്തമായ നടപടി വേണം. കാലാവധി കഴിഞ്ഞാൽ ടോൾ ഗേറ്റുകൾ പൊളിച്ച് കളയുക താനെന്ന വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.



Next Story