Top

'വ്യക്തിപരമായ ആരോപണം ഉന്നയിച്ചാല്‍ പേടിച്ച് പിന്‍മാറില്ല'; പ്രതിപക്ഷം സ്പീക്കര്‍ക്ക് നേരെ കുതിര കയറുകയാണന്ന് മന്ത്രി

സ്പീക്കറുടെ സഞ്ചാര സ്വാതന്ത്രം നിഷേധിച്ചത് ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമാണെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു

18 March 2023 6:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വ്യക്തിപരമായ ആരോപണം ഉന്നയിച്ചാല്‍ പേടിച്ച് പിന്‍മാറില്ല; പ്രതിപക്ഷം സ്പീക്കര്‍ക്ക് നേരെ കുതിര കയറുകയാണന്ന് മന്ത്രി
X

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. സ്പീക്കര്‍ക്ക് നേരെ കുതിര കയറുകയാണ് പ്രതിപക്ഷമെന്ന് മന്ത്രി ആരോപിച്ചു. റൂള്‍ ഫിഫ്റ്റിയ്ക്ക് അനുമതി കൊടുക്കാത്തത് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടല്ല. റൂള്‍ ഫിഫ്റ്റിയ്ക്ക് അനുമതി കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ചട്ടമുണ്ട്. ആ ചട്ടം നോക്കി സ്പീക്കര്‍ എടുത്ത തീരുമാനത്തെ അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറാകുന്നില്ലെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.

പ്രതിപക്ഷത്തിന്റെ മാനേജ്‌മെന്റ് ക്വാട്ട എന്ന പ്രസ്താവനയോടും മന്ത്രി പ്രതികരിച്ചു. ബേപ്പൂരില്‍ മത്സരിച്ചപ്പോള്‍ ഇതിലും വലിയ ആരോപണങ്ങള്‍ കേട്ടതാണെന്നും ഇത്തരം പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിലെ വലിയ ഭൂരിപക്ഷം നല്‍കി ജനങ്ങള്‍ ഇതിന് മറുപടി പറഞ്ഞതാണെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

'വ്യക്തിപരമായ ആരോപണം ഉന്നയിച്ചാല്‍ പേടിച്ച് പിന്‍മാറുന്നവരല്ല ഞങ്ങള്‍. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടത്. കെപിസിസി പ്രസിഡന്റിന്റെയും ബിജെപി സംസ്ഥാന പ്രസിഡന്റിന്റെയും പ്രസ്താവനകള്‍ ഒരേ പോലെയാണ്', ഇരുവരുടെയും ഇനിഷ്യല്‍ മാത്രമല്ല രാഷ്ട്രീയ മനസ്സും ഒരേ പോലെയാണന്നും മന്ത്രി പറഞ്ഞു. സ്പീക്കറുടെ സഞ്ചാര സ്വാതന്ത്രം നിഷേധിച്ചത് ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമാണെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ സര്‍ക്കാറിനെ വലിച്ചു തഴെയിടും എന്ന് ബിജെപി പ്രസിഡന്റ് പറഞ്ഞതിന് പിന്നാലെ വിമോചന സമരം കൊണ്ട് വരും എന്ന് കെപിസിസി പ്രസിഡന്റ് പ്രഖ്യാപിക്കുക അല്ലേ ചെയ്തതെന്നും മന്ത്രി ചോദിച്ചു. 'ബിജെപി സംസ്ഥാന പ്രസിഡന്റിനേക്കാള്‍ നന്നായി ഞാന്‍ ശാഖക്ക് കാവല്‍ നില്‍ക്കും എന്ന് പറഞ്ഞ വ്യക്തിയാണ് കെപിസിസി പ്രസിഡന്റ്. കെപിസിസി പ്രസിഡന്റിന്റെ നിലപാടുകളെ അവരുടെ പ്രസ്ഥാനത്തില്‍ ഉളളവര്‍ പോലും സ്വീകരിക്കുന്നില്ല. മത നിരപേക്ഷ മനസ്സുകള്‍ ഭൂരിപക്ഷമുള്ള കോണ്‍ഗ്രസിനെ ഇവര്‍ എങ്ങോട്ടാണ് കൊണ്ട് പോകുന്നത്' രാഷ്ടീയത്തെ രാഷ്ട്രീയം കൊണ്ട് നേരിടാന്‍ കോണ്‍ഗ്രസ് നേതൃത്വം ദുര്‍ബലരാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

STORY HIGHLIGHTS: Minister Muhammad Riyaz has criticized the opposition leader VD Satheeshan

Next Story