'പ്രതികരിക്കുന്നവര്‍ക്ക് പോലും നാണം തോന്നത്തക്ക വിധം എണ്ണമ്മറ്റ അസംബന്ധങ്ങള്‍'; സുധാകരന്റെ വാക്കുകള്‍ സഹിതം മന്ത്രി മുഹമ്മദ് റിയാസിന്റെ മറുപടി
''പൊതുമരാമത്ത് വകുപ്പിന്റെ ചോര കുടിച്ച് ആഹ്ലാദിക്കുവാന്‍ കെപിസിസി പ്രസിഡന്റിന് പല കാരണങ്ങളാല്‍ ആഗ്രഹമുണ്ടെന്ന് അറിയാം.''
24 May 2022 3:50 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫ്ളൈ ഓവര്‍ സംബന്ധിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ആരോപണത്തില്‍ പ്രതികരിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫ്ളൈ ഓവറിന്റെ പ്രവൃത്തിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ബന്ധം എന്താണെന്ന് സുധാകരനോട് മുഹമ്മദ് റിയാസ് ചോദിച്ചു. ഉത്തരവാദിത്വ സ്ഥാനത്തിരുന്ന് പ്രതികരിക്കുമ്പോള്‍ വിഷയത്തെക്കുറിച്ച് പഠിക്കണമെന്നും സുധാകരനോട് മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.
മന്ത്രി മുഹമ്മദ് റിയാസിന്റെ വാക്കുകള്‍: ''പൊതുമരാമത്ത് വകുപ്പിന്റെ ചോര കുടിച്ച് ആഹ്ലാദിക്കുവാന്‍ ബഹുമാനപ്പെട്ട കെപിസിസി പ്രസിഡന്റിന് പല കാരണങ്ങളാല്‍ ആഗ്രഹമുണ്ടെന്ന് അറിയാം.''
''അത് നടക്കട്ടെ. എന്നാല്‍ ഒരു വിഷയം വരുമ്പോള്‍ അങ്ങ് അതിനെ കുറിച്ച് പഠിച്ചു FB പോസ്റ്റ് ചെയ്യുന്നതല്ലേ ഉത്തരവാദിത്ത സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി എന്ന നിലയില്‍ ഭംഗി? തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫ്ലൈ ഓവറിന്റെ പ്രവൃത്തിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ബന്ധം എന്താണാവോ ? സാമൂഹ്യ മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച് പലതരത്തിലുള്ള പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതിലൊന്നും പ്രതികരിക്കേണ്ട എന്ന് കരുതിയതാണ്.''
''എന്നാല്‍ കെപിസിസി അധ്യക്ഷന്‍ തന്നെ ഇങ്ങനെ നിരുത്തരവാദപരമായി സാമൂഹ്യ മാധ്യമം വഴി PWD യെ കുറിച്ച് അസംബന്ധ പ്രസ്താവന ഇറക്കുമ്പോള്‍ പ്രതികരിക്കാതെ തരമില്ല. അങ്ങയുടെ FB പോസ്റ്റ് വരികള്‍ തന്നെ കടമെടുക്കട്ടെ. 'പ്രതികരിക്കുന്നവര്‍ക്ക് പോലും നാണം തോന്നത്തക്ക വിധം എണ്ണമ്മറ്റ അസംബന്ധങ്ങളാണ് ദിനംപ്രതി അങ്ങയില്‍ നിന്ന് പുറത്ത് വരുന്നത്.''
കെ സുധാകരന് പറഞ്ഞത്: ''പൊതുമരാമത്ത് വകുപ്പ് ആഭ്യന്തര വകുപ്പിനേക്കാള്‍ വലിയ ദുരന്തമായി മാറുകയാണ്. ഉദ്ഘാടനത്തിന് മുമ്പ് തന്നെ മെഡിക്കല്‍ കോളേജ് ഫ്ലൈഓവര്‍ തകര്‍ന്നിരിക്കുന്നു. പ്രതികരിക്കുന്നവര്‍ക്ക് പോലും നാണം തോന്നത്തക്ക വിധം എണ്ണമറ്റ അഴിമതികള്‍ ദിനംപ്രതി പുറത്തു വരുകയാണ്. ജനങ്ങളുടെ ജീവന് അപകടത്തിലായിട്ടും എല്‍ ഡി എഫിലെ ഘടകകക്ഷികളും സിപിഎം യുവജനസംഘടനകളും പിണറായി വിജയനെ ഭയന്ന് കുറ്റകരമായ മൗനം പാലിക്കുകയാണ്. അല്‍പമെങ്കിലുംരാഷ്ട്രീയ ധാര്‍മികതയുണ്ടെങ്കില്‍ പിണറായി വിജയന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ രാജി ചോദിച്ചു വാങ്ങണം.''