Top

വിഴിഞ്ഞം സമരത്തിലെ സമീപനം; ബിജെപിയിൽ അഭിപ്രായഭിന്നതയും വിമർശനവും

പാർട്ടി ഫണ്ടിന്റെ പ്രവർത്തനവും യോ​ഗം വിലയിരുത്തി

12 Dec 2022 5:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിഴിഞ്ഞം സമരത്തിലെ സമീപനം; ബിജെപിയിൽ അഭിപ്രായഭിന്നതയും വിമർശനവും
X

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ മത്സ്യത്തൊഴിലാളികളുടെ സമരത്തിൽ നേതൃത്വമെടുത്ത നിലപാടിനെതിരെ ബിജെപിക്കകത്ത് വിമർശനം. വികസനം ആവശ്യമാണെന്നും എന്നാൽ ക്രൈസ്തവ സമുദായത്തെ ശത്രു പക്ഷത്തെ നിർത്തുന്നത് ശരിയല്ലെന്നും പാർട്ടി ജനറൽ സെക്രട്ടറി എം ടി രമേശ് ഉന്നയിച്ചു. ബിജെപി നേതൃയോ​ഗത്തിൽ നയരേഖ അവതരിപ്പിക്കവെയാണ് നേതൃത്വത്തിനെതിരെ എം ടി രമേശ് വിമർശനമുന്നയിച്ചത്.

വിഴിഞ്ഞം എന്ന് പ്രത്യേകം പരാമർശിക്കാതെയാണ് എം ടി രമേശിന്റെ അഭിപ്രായപ്രകടനം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, ഒ രാജ​ഗോപാൽ തുടങ്ങിയവർ വേദിയിലുണ്ടായിരുന്നു. പാർട്ടി ഫണ്ടിന്റെ പ്രവർത്തനവും യോ​ഗം വിലയിരുത്തി. ലക്ഷ്യം പൂർത്തീകരിക്കുന്നതിൽ വീഴ്ച വരുത്തുന്ന പ്രവർത്തകർക്കെതിരെ നടപടിയുണ്ടാവുമെന്നും യോ​ഗത്തിൽ അറിയിച്ചു.

ക്രൈസ്തവ സമുദായത്തെ പാർട്ടിയോട് അടുപ്പിക്കാനുളള ശ്രമം ബിജെപിക്കുളളിൽ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന വിശ്വാസികളുടെ സംഗമത്തിൽ ബിജെപി നേതാക്കളായ ജെ ആർ പത്മകുമാറും എം എസ് കുമാറും പങ്കെടുത്തിരുന്നു. വിഴിഞ്ഞം സമരക്കാരോടു സ്വീകരിച്ചതുപോലുള്ള സമീപനം ഇത്തരം ശ്രമങ്ങൾക്കു തിരിച്ചടിയാവുമെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.

STORY HIGHLIGHTS: MT Ramesh Criticizing BJP on Approach to Vizhinjam Strike

Next Story