Top

'കാന്തപുരത്തിന്റെ മുടിപ്പള്ളിയോട് പിണറായിക്ക് ഒരു അയിത്തവും ഇല്ല'; സിപിഐഎം നിലപാട് വോട്ടു വാങ്ങാനെന്ന് എംടി രമേശ്

മേയര്‍ക്കെതിരെ നടപടിയെടുക്കുന്നതിലൂടെ സിപിഐഎം താലിബാനിസം നടപ്പിലാക്കുകയാണെന്ന് കെ സുരേന്ദ്രന്‍.

8 Aug 2022 3:26 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാന്തപുരത്തിന്റെ മുടിപ്പള്ളിയോട് പിണറായിക്ക് ഒരു അയിത്തവും ഇല്ല; സിപിഐഎം നിലപാട് വോട്ടു വാങ്ങാനെന്ന് എംടി രമേശ്
X

ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിനെ തള്ളിയ സിപിഐഎം നിലപാടിനെ പരിഹസിച്ച് എംടി രമേശ്. ഏതെങ്കിലും കാര്യത്തില്‍ സിപിഐഎമ്മിന് എന്തേലും പ്രഖ്യാപിത നിലപാടുണ്ടോയെന്നാണ് എംടി രമേശ് ചോദിച്ചത്.

ശ്രീറാം വെങ്കിട്ടരാമനെ കലക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയത് എന്തിനാണെന്ന് മനസിലാക്കിയവര്‍ക്കറിയാം സിപിഐഎം നിലപാടെന്താണെന്ന്. ശ്രീകൃഷ്ണനെന്നും ശ്രീരാമനെന്നും കേള്‍ക്കുമ്പോഴാണ് സിപിഐഎമ്മിന് അറപ്പും വെറുപ്പും. കാന്തപുരം ഉസ്താദിന്റെ മുടിപള്ളിയും ചുറ്റുമുള്ള വാണിജ്യ സിറ്റിയും ഉദ്ഘാടിക്കുമ്പോള്‍ സിപിഎമ്മിനും പിണറായിക്കും ഒരു അയിത്തവും ഇല്ലെന്ന് എംടി രമേശ് വിമര്‍ശിച്ചു. ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തതില്‍ രമേശ്, ബീന ഫിലിപ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

എംടി രമേശ് പറഞ്ഞത്: ''സി.പി.എമ്മിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി മേയര്‍ ഡോ: ബീന ഫിലിപ്പ് എന്തോ മഹാപരാധം ചെയ്തുവെന്നാണ് പി.മോഹനന്റെ വാര്‍ത്താക്കുറിപ്പ്. ആദ്യം തന്നെ അതിന് സി.പിഎമ്മിന് എന്തേലും പ്രഖ്യാപിത നിലപാടുണ്ടോ? ജമാഅത്തെ ഇസ്ലാമിയെയും പി.ഡി.പിയെയും എസ്ഡിപിഐയെയും വരെ വിശുദ്ധ ഗണത്തില്‍പെടുത്തി സഖ്യം ചേരുകയും വേദി പങ്കിടുകയും ചെയ്യുന്ന വോട്ടു വാങ്ങി സീറ്റുറപ്പിയ്ക്കുകയും ചെയ്യുന്ന സി.പി.എമ്മിന് എന്ത് നിലപാടാണുള്ളത്.

തീവ്രവാദ സംഘടനകള്‍ മുണ്ടും മടക്കി കുത്തി സമരത്തിനിറങ്ങിയപ്പോഴേക്കും വഖഫ് ബോര്‍ഡ് നിയമനം പി.എസ്സിയ്ക്കുവിട്ട നടപടി പിന്‍വലിച്ച നിങ്ങള്‍ക്ക് എന്ത് നിലപാടുണ്ട്. ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കലക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയത് എന്തിനാണെന്ന് മനസ്സിലാക്കിയവര്‍ക്കറിയാം സി.പി.എമ്മിന്റെ നിലപാടെന്താണെന്ന്. ശ്രീകൃഷ്ണനെന്നും ശ്രീരാമനെന്നും കേള്‍ക്കുമ്പോഴാണ് സി.പി.എമ്മിന് അറപ്പും വെറുപ്പും. കാന്തപുരം ഉസ്താദിന്റെ മുടിപള്ളിയും ചുറ്റുമുള്ള വാണിജ്യ സിറ്റിയും ഉദ്ഘാടിക്കുമ്പോള്‍ സി.പി.എമ്മിനും പിണറായിക്കും ഒരു അയിത്തവും ഇല്ല തന്നെ! സംവാദാത്മക നിലപാട് സ്വീകരിച്ച ഡോ: ബീന ഫിലിപ്പിന് ഐക്യദാര്‍ഢ്യം.''

മേയര്‍ക്കെതിരെ നടപടിയെടുക്കുന്നതിലൂടെ സിപിഐഎം താലിബാനിസം നടപ്പിലാക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചു. മദനിയൊടൊപ്പം മുഖ്യമന്ത്രിക്ക് വേദി പങ്കിടാം. എസ്.ഡി.പി.ഐ നേതാവിന്റെ ഇഫ്താര്‍ വിരുന്നില്‍ മുഖ്യമന്ത്രിക്ക് വേദി പങ്കിടാം. അമ്പലപ്പുഴ എം.എല്‍.എയ്ക്ക് പി.ഡി.പി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാം. സി.പി.എമ്മിന്റെ വര്‍ഗീയ പ്രീണന രാഷ്ട്രീയത്തിന്റെയും ഇരട്ട നീതിയുടെയും ഉദാഹരണണമാണ് കോഴിക്കോട് മേയര്‍ക്കെതിരായ നടപടിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബീന ഫിലിപ്പ് ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്ത സംഭവത്തെ തള്ളി സിപിഐഎം രംഗത്തെത്തിയിരുന്നു. മേയറുടെ നടപടി ശരിയായില്ല. സിപിഐഎം എക്കാലത്തും ഉയര്‍ത്തിപിടിച്ച പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണിതെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി വ്യക്തമാക്കി. മേയറുടെ നിലപാട് സിപിഐഎമ്മിന് ഒരുവിധത്തിനും അംഗീകരിക്കാവുന്നതല്ല. അക്കാരണത്താല്‍ മേയറുടെ നിലപാടിലെ പരസ്യമായി തള്ളുന്നുവെന്നും ജില്ലാ സെക്രട്ടറി പി മോഹനന്‍ അറിയിച്ചു.

Next Story