കണ്ടക്ടറില്ലാതെ ബസ് സർവീസ് നടത്താം; അനുമതി നൽകി മോട്ടോർ വാഹന വകുപ്പ്
30 April 2022 9:05 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാലക്കാട്: സംസ്ഥാനത്ത് കണ്ടക്ടര്‍ ഇല്ലാതെ ബസ് സര്‍വീസ് നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ അനുമതി. പാലക്കാട് കാടന്‍കാവില്‍ കണ്ടക്ടര്‍ ഇല്ലാതെ സര്‍വീസ് നടത്തിയ ബസിന് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ പുതിയ പരീക്ഷണത്തെ തടയേണ്ടതില്ലെന്ന നിലപാടിലാണ് ഇപ്പോൾ മോട്ടോര്‍ വാഹന വകുപ്പ്. നേരത്തെ വന്ന നിര്‍ദേശത്തെ തുടര്‍ന്ന് കണ്ടക്ടറെ വെച്ച് സര്‍വ്വീസ് നടത്താൻ ബസ് ഉടമ തോമസ് കാടന്‍കാവില്‍ തീരുമാനിച്ചിരുന്നു. എന്നാൽ പുതിയ നിർദ്ദേശം വന്ന സാഹചര്യത്തിൽ ബസ് കണ്ടക്ടറില്ലാതെ ഓടുമെന്ന് തോമസ് കാടൻകാവിൽ റിപ്പോർട്ടർ ലൈവിനോട് പ്രതികരിച്ചു.
കണ്ടക്ടറില്ലാതെ കഴിഞ്ഞ ഞായറാഴ്ച്ചയാണ് ജില്ലയിലെ ആദ്യ സിഎന്‍ജി ബസ് സര്‍വ്വീസ് ആരംഭിച്ചത്. തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും കൃത്യമായി സര്‍വ്വീസ് നടത്തിയിരുന്നു. ബുധനാഴ്ച്ച കാലത്ത് സര്‍വ്വീസ് നിര്‍ത്തണം എന്നാവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും നിര്‍ദേശം വന്നു, കണ്ടക്ടര്‍ ഇല്ലാതെ സര്‍വ്വീസ് നടത്തുന്നത് നിയമ ലംഘനമാണെന്ന് അറിയിക്കുകയായിരുന്നു. കണ്ടക്ടര്‍ ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ ബസില്‍ സ്ഥാപിച്ച ബോക്സില്‍ യാത്രാ ചാര്‍ജ് നിക്ഷേപിക്കുന്ന തരത്തിലാണ് പുതിയ സംവിധാനം. പണമില്ലാത്തവര്‍ക്കും യാത്ര ചെയ്യാം. അത് തൊട്ടടുത്ത ദിവസങ്ങളില്‍ നിക്ഷേപിച്ചാല്‍ മതിയാവും.
story highlight: motor vehicle department give permission to Bus service with out conductor