കൊയിലാണ്ടിയിൽ 19 കാരി ജീവനൊടുക്കി; പോക്സോ കേസിൽ അമ്മയുടെ പിതാവ് അറസ്റ്റിൽ
25 Dec 2022 6:11 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: കൊയിലാണ്ടിയിൽ 19 കാരി ജീവനൊടുക്കിയ സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയുടെ പിതാവ് അറസ്റ്റിൽ. 62-കാരനായ പ്രതിയെ പോക്സോ വകുപ്പുകളടക്കം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പ്രതി ലൈംഗികമായി ഉപദ്രവിച്ചിരുന്നുവെന്ന് പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ വെളിപ്പെടുത്തിയിരുന്നു.
ഡിസംബർ 17-ാം തീയതിയാണ് കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് കൊയിലാണ്ടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. പ്രായപൂർത്തിയാകുന്നതിന് മുൻപും പ്രതി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതിനാലാണ് പോക്സോ വകുപ്പുകൾ കൂടി ചുമത്തിയത്.
പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ പീഡനം സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഉണ്ടായിരുന്നത്. 'അമ്മയും അച്ഛനും എന്നോട് പൊറുക്കണം, വെറുക്കരുത്. എന്താണ് ചെയ്തതെന്ന് അമ്മയുടെ അച്ഛനോട് ചോദിക്കൂ' എന്നാണ് ആത്മഹത്യക്കുറിപ്പിൽ പറഞ്ഞിരുന്നത്. ഇതിനുപിന്നാലെ പ്രതിയെ വിശദമായ ചോദ്യം ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചതായി കൊയിലാണ്ടി എസ്എച്ച്ഒ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
STORY HIGHLIGHTS: Mother's father arrested in POCSO case in 19-year-old girl death in Koyilandy