Top

മകന്റെ കുത്തേറ്റ അമ്മ മരിച്ചു; മരണം രണ്ടാഴ്ച്ചത്തെ ചികിത്സയ്‌ക്കൊടുവില്‍

വയറിലേയും കഴുത്തിലേയും പരുക്കുകള്‍ ഗുരുതരമായതിനേത്തുടര്‍ന്ന് മേരി രണ്ടാഴ്ച്ചയായി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു

14 Aug 2022 11:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മകന്റെ കുത്തേറ്റ അമ്മ മരിച്ചു; മരണം രണ്ടാഴ്ച്ചത്തെ ചികിത്സയ്‌ക്കൊടുവില്‍
X

അങ്കമാലി: മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. അങ്കമാലി നായത്തോട് പുതുശ്ശേരി സ്വദേശി മേരിയാണ് മരിച്ചത്. 52 വയസായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. വയറിലേയും കഴുത്തിലേയും പരുക്കുകള്‍ ഗുരുതരമായതിനേത്തുടര്‍ന്ന് മേരി രണ്ടാഴ്ച്ചയായി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

വീട്ടില്‍വച്ചുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മകന്‍ കിരണ്‍ (27) മേരിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെയായിരുന്നു സംഭവം. വയറില്‍ കത്തിക്കുത്തേറ്റ മേരിയെ കുടല്‍മാല പുറത്തേക്കുവന്ന നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. തലയിലും ആഴത്തിലുളള മുറിവുണ്ടായിരുന്നു. അങ്കമാലി ലിറ്റില്‍ ഫ്ളവര് ആശുപത്രിയിലാണ് മേരിയെ ആദ്യം പ്രവേശിപ്പിച്ചത്. തലയില്‍ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയതിനേത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

മേരിയെ കുത്തിയകാര്യം ബന്ധുവീടുകളിലും അയല്‍ വീടുകളിലും അറിയിച്ചെന്നും എന്നാല്‍ ആരും സഹായത്തിനെത്തിയില്ലെന്നും കിരണ്‍ പൊലീസിനോട് പറഞ്ഞു. പിന്നീട് കിരണ്‍തന്നെയാണ് അമ്മയെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തിന് പിന്നാലെ കിരണിനെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ ആലുവ സബ് ജെയിലില്‍ റിമാന്‍ഡിലാണ് കിരണ്‍. നായത്തോട് സൗത്തില്‍ ഐഎന്‍ടിയുസി ചുമട്ട് തൊഴിലാളി സെക്രട്ടറിയാണ് കിരണ്‍. അടിപിടി കേസുകളിലും മാലമോഷണത്തിലും പ്രതിയായിട്ടുള്ള കിരണ്‍ മുന്‍പ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

STORY HIGHLIGHTS: Woman dies after being stabbed by her son

Next Story