കടയ്ക്കാവൂര്‍ അമ്മയ്ക്ക് ഒടുവില്‍ നീതി; കുറ്റവിമുക്തയാക്കി കോടതി
കേസില്‍ അമ്മയ്ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന അന്വേഷണ റിപ്പോര്‍ട്ട് ശരിവെച്ചു കൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചത്.
4 Dec 2021 12:11 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ അമ്മയെ കുറ്റവിമുക്തയാക്കി കോടതി. തിരുവനന്തപുരം പോക്സോ കോടതിയാണ് അമ്മയെ കുറ്റവിമുക്തയാക്കിയത്. കേസില്‍ കുറ്റാരോപിതയ്ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന അന്വേഷണ റിപ്പോര്‍ട്ട് ശരിവെച്ചു കൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചത്.
പതിമൂന്നുകാരനായ മകനെ അമ്മ മൂന്ന് വര്‍ഷത്തോളം ലൈംഗിക പീഡനത്തിന് വിധേയമാക്കി എന്ന ആരോപണത്തെത്തുടര്‍ന്ന് 2020 ഡിസംബര്‍ 28നാണ് കുട്ടിയുടെ അമ്മയെ കടയ്ക്കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ മുന്‍ ഭര്‍ത്താവിന്റെ പരാതിയിലായിരുന്നു നടപടി. അമ്മയെ കേസില്‍ കുടുക്കിയെന്ന ഇളയ കുട്ടി വ്യക്തമാക്കിയിരുന്നു. എന്നാല്‍ പീഡനം നടന്നുവെന്ന അനിയന്റെ മൊഴി ശരിവച്ച് മൂത്ത സഹോദരനും രംഗത്തുവരുകയായിരുന്നു.
എന്നാല്‍ കേസിലുള്‍പ്പെട്ട പതിമൂന്നുകാരന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. പീഡന ആരോപണം വ്യാജമാണെന്നും ആരോപണത്തിനുപിന്നില്‍ പരപ്രേരണയില്ലെന്നുമായിരുന്നു അന്വേഷണ സംഘം കണ്ടെത്തിയത്. വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമാണ് തങ്ങള്‍ ഈ വിവരങ്ങള്‍ കണ്ടെത്തിയിരിക്കുന്നതെന്നും അന്വേഷണസംഘം പറഞ്ഞു. അമ്മയ്ക്കെതിരെ പോക്സോ കേസെടുത്തിരുന്നു.
ഈ പരാതിയില്‍ അമ്മയ്ക്കെതിരെ മൊഴി നല്കാന് പിതാവ് സഹോദരനെ ഉപദ്രവിച്ച് നിര്‍ബന്ധിച്ചിച്ചെന്ന് ഇളയകുട്ടി വെളിപ്പെടുത്തിയിരുന്നു. ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തെ എതിര്‍ത്തതിന് മകളെ കേസില്‍ കുടുക്കിയതാണെന്ന് ഈ സ്ത്രീയുടെ മാതാപിതാക്കളും വ്യക്തമാക്കിയിരുന്നു. മകനെ വീണ്ടും കൗണ്‍സിലിംഗും മെഡിക്കല്‍ പരിശോധനയും നടത്തണമെന്നും അമ്മയും കുടുംബവും ആവശ്യപ്പെട്ടിരുന്നു.
ഈ പരാതിയ്ക്ക് പിന്നില്‍ മകളുടെ ഭര്‍ത്താവിന്റെ വൈരാഗ്യമാണ് എന്നായിരുന്നു കുടുംബത്തിന്റെ ആരോപണ. മകളെ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നെന്നും അതില്‍ സഹികെട്ടാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി അകന്ന് കഴിയുന്നതെന്നും മാതാവ് പറഞ്ഞിരുന്നു. 17ഉം 14ഉം 11ഉം വയസുള്ള മൂന്ന് ആണ്‍കുട്ടികളും ആറ് വയസുള്ള പെണ്‍കുട്ടിയുമാണ് 37കാരിയായ യുവതിക്കുള്ളത്. പ്രണയിച്ചായിരുന്നു ഇവരുടെ വിവാഹം. അകന്ന് കഴിയാന്‍ തുടങ്ങിയതിന് ശേഷം ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചു. നിയമപരമായി വിവാഹമോചനം നേടാതെയായിരുന്നു ഇത്. വിവാഹശേഷം മൂന്ന് കുട്ടികളെ ഇയാള്‍ ഒപ്പം കൊണ്ടുപോകുകയും ചെയ്തു. വിഹാമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചതിനെ എതിര്‍ത്തും ജീവനാംശം ആവശ്യപ്പെട്ടും യുവതി പരാതി നല്കി. ഇതിനേത്തുടര്‍ന്നുള്ള വിരോധമാണ് പരാതിക്ക് കാരണമെന്നും യുവതിയുടെ കുടുംബം പറഞ്ഞിരുന്നു.
കേസില്‍ അമ്മയക്ക് കഴിഞ്ഞ ജനുവരിയില്‍ ഉപാധികളോടെ ജാമ്യം നല്‍കിയിരുന്നു. താന്‍ നിരപരാധിയാണെന്നും സത്യം പുറത്തുവരണമെന്നുമായിരുന്നു ജാമ്യത്തിലിറങ്ങിയ ശേഷം യുവതി പ്രതികരിച്ചത്.