കാഞ്ഞിരപ്പള്ളിയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം; അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി
വളര്‍ത്താന്‍ കഴിയാത്തത് കൊണ്ട് കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്നതെന്ന് അമ്മ മൊഴി നല്കി.
10 Dec 2021 10:36 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കാഞ്ഞിരപ്പള്ളിയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. അമ്മ നിഷ കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് കുറ്റസമ്മതം നടത്തി. വളര്‍ത്താന്‍ കഴിയാത്തത് കൊണ്ട് കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്നതെന്ന് അമ്മ മൊഴി നല്കി. അമ്മ നിഷയുടെ അറസ്റ്റു രേഖപ്പെടുത്തി.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ശുചിമുറിയിലെ വാട്ടര്‍ ടാങ്കില്‍ നിന്നുമാണ് ഇടിക്കുന്നം മുക്കാലി സ്വദേശികളായ സുരേഷിന്റെയും നിഷയുടെയും നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇരുവരുടെ ആറാമത്തെ കുട്ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
നിഷയും കുട്ടികളും മാത്രമാണ് സംഭവ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്. നിഷയുടെ കാലുകള്‍ എഴുന്നേല്‍ക്കാനാവത്തവിധം തളര്‍ന്ന അവസ്ഥയിലാണ്. കുഞ്ഞിന് അനക്കമില്ലായിരുന്നുവെന്നും തുടര്‍ന്ന് മൂത്തകുട്ടിയോടു കുഞ്ഞിനെ ബക്കറ്റിലിടാന്‍ താന്‍ പറഞ്ഞിരുന്നതായും നിഷ നേരത്തെ മൊഴി നല്‍കിയിരുന്നു. പിന്നാലെയാണ് കുറ്റസമ്മതം നടത്തിയത്. മറ്റ് അഞ്ച് കുട്ടികളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് വേണ്ട നടപടി ക്രമങ്ങളും പൊലീസ് സ്വീകരിച്ചിട്ടുണ്ട്. നടപടികള്‍ സ്വീകരിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയോട് പൊലീസ് ആവശ്യപ്പെട്ടു.
- TAGS:
- Kottayam
- Crime
- Newborn Baby