Top

മോറിസ് കോയിന്‍ ക്രിപ്‌റ്റോകറന്‍സി തട്ടിപ്പ്; മുഖ്യപ്രതിയടക്കമുളളവരുടെ 37 കോടിയോളം രൂപയുടെ ആസ്തി ഇഡി കണ്ടുകെട്ടി

കേസിന്റെ ഭാഗമായി നടന്‍ ഉണ്ണിമുകുന്ദന്റെ വീട്ടിലും ഓഫീസിലുമടക്കം 11 ഇടങ്ങളില്‍ നേരത്തെ ഇഡി പരിശോധന നടത്തിയിരുന്നു.

10 Jan 2022 2:45 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോറിസ് കോയിന്‍ ക്രിപ്‌റ്റോകറന്‍സി തട്ടിപ്പ്; മുഖ്യപ്രതിയടക്കമുളളവരുടെ 37 കോടിയോളം രൂപയുടെ ആസ്തി ഇഡി കണ്ടുകെട്ടി
X

മോറിസ് കോയിന്‍ ക്രിപ്‌റ്റോകറന്‍സി തട്ടിപ്പ് കേസില്‍ മുഖ്യ പ്രതി മലപ്പുറം സ്വദേശി നിഷാദ് കിളിയിടുക്കലിന്റേയും കൂട്ടാളികളുടേയും ആസ്തി ആധായ നികുതി വകുപ്പ് കണ്ടുകെട്ടി. 36 കോടി 72 ലക്ഷത്തിലധികം വസ്തുവകകളാണ് കണ്ടുകെട്ടിയതെന്ന് ഇഡി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

25 ലക്ഷത്തിലധികം രൂപയുടെ ക്രിപ്‌റ്റോകറന്‍സിയും കണ്ടുകെട്ടി. ബിറ്റ്‌കോയിന്‍ അടക്കമുളള 7 ക്രിപ്‌റ്റോ കറന്‍സികളിലെ നിക്ഷേപം രൂപയിലേക്ക് മാറ്റിയാണ് ഇഡി സ്വത്തുവകകള്‍ കണ്ടെത്തിയത്. 1200 കോടിരൂപയുടെ മോറിസ് കോയിന്‍ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ മലപ്പുറം സ്വദേശിയായ കെ നിഷാദിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. ഇയാള്‍ അറസ്റ്റുണ്ടാകുമെന്ന് ഭയന്ന് ഒളിവില്‍ കഴിയുകയാണ്.

കേസിന്റെ ഭാഗമായി നടന്‍ ഉണ്ണിമുകുന്ദന്റെ വീട്ടിലും ഓഫീസിലുമടക്കം 11 ഇടങ്ങളില്‍ നേരത്തെ ഇഡി പരിശോധന നടത്തിയിരുന്നു. നിഷാദിന് താരത്തിന്റെ നിര്‍മ്മാണ കമ്പനിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു പരിശോധന നടത്തിയതെന്നായിരുന്നു വിവരം.

എന്നാല്‍, മേപ്പടിയാന്‍ സിനിമയുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് ആയിരുന്നു പരിശോധന നടത്തിയതെന്നും ഉണ്ണിമുകന്ദന്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ തെളിവുകള്‍ നല്‍കിയിട്ടുണ്ടെന്നും നടന്‍ വ്യക്തമാക്കിയിരുന്നു. ഇ ഡി കൊച്ചി, കോഴിക്കോട് യൂണിറ്റുകള്‍ സംയുക്തമായിട്ടാണ് നടന്‍ ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലത്തെ ഓഫീസില്‍ പരിശോധന നടത്തിയത്. ഉണ്ണിമുകുന്ദന്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രം മേപ്പടിയാന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ പണിമിടപാടുകളില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് റെയ്ഡ് എന്നായിരുന്നു ഇ ഡിയുടെ വിശദീകരണം.

കൊച്ചിയില്‍ അന്‍സാരി നെക്‌സ്‌ടെല്‍, ട്രാവന്‍കൂര്‍ ബില്‍ഡേഴ്‌സ്, എലൈറ്റ് എഫ്എക്‌സ് എന്നീ സ്ഥാപനങ്ങളിലും, മലപ്പുറത്ത് മോറിസ് ട്രേഡിംഗ്, സ്റ്റോക്‌സ് ഗ്ലോബല്‍ എന്നീ സ്ഥാപനങ്ങളുടെ ഉടമകളുടെ വീട്ടിലും പരിശോധനകള്‍ നടന്നു. തമിഴ്‌നാട്ടില്‍ മധുരയിലെയും ചെന്നൈയിലെയും വിവിധ സ്ഥാപനങ്ങളിലാണ് പരിശോധനകള്‍ നടന്നിരിക്കുന്നത്.

നിഷാദിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് കര്‍ശന പരിശോധനകള്‍ നടത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. ഉണ്ണി മുകുന്ദന്‍ സിനിമാസ് പ്രൈവറ്റ് ലിമിറ്റഡെന്ന കമ്പനിയുമായി നിഷാദിന് സാമ്പത്തിക ഇടപാടുകളുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടക്കും.

Next Story