കടിയേറ്റിട്ടും പാമ്പിനെ വിട്ടില്ല, കാലിലെ രക്തം ഞെക്കി കളഞ്ഞ് തോര്‍ത്ത് കൊണ്ട് കെട്ടി; കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്
വാവ സുരേഷിന് പാമ്പ് കടിയേല്‍ക്കുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്
2 Feb 2022 7:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വാവ സുരേഷിന് പാമ്പ് കടിയേല്‍ക്കുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. കാലില്‍ കടിച്ചു നിന്ന പാമ്പിനെ നിലത്തിട്ട ശേഷം സുരേഷ് തന്നെ കാലിലെ രക്തം ഞെക്കി കളയുന്നത് ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് പാമ്പിനെ വീണ്ടും പിടികൂടിയതും വാവ സുരേഷ് തന്നെയാണ്.
പാന്റ്‌സിലാണ് കടിയേറ്റത് എന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് മുട്ടിന് മുകളില്‍ ആഴത്തിലുള്ള കടിയേറ്റതെന്ന് മനസ്സിലായത്. രണ്ടര സെക്കന്റോളം കാല്‍ മുട്ടിനു മുകളില്‍ മൂര്‍ഖന്‍ കടിച്ചു നിന്നു. തുടര്‍ന്ന് പാമ്പിനെ ബലം പ്രയോഗിച്ചു വലിച്ചെറിയുകയായിരുന്നു. മൂര്‍ഖന്‍ പാമ്പിന്റെ ഈ കടിയാണ് വാവാ സുരേഷിനെ അതീവ ഗുരുതരാവസ്ഥയിലേക്ക് എത്തിച്ചത്. പല തവണ പാമ്പിനെ ചാക്കിനുള്ളുലേക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ചക്കലിനുള്ളില്‍ കീടനാശിനിയുടെ ഗന്ധം ഉള്ളത് കൊണ്ടാണ് പാമ്പ് പിന്തിരഞ്ഞതെന്നാണ് വാവാ സുരേഷ് തന്നെ ഇടയ്ക്ക് പറഞ്ഞതായി നാട്ടുകാര്‍ പറയുന്നു. പ്ലാസ്റ്റിക് ഭരണി ആവശ്യപ്പെടുന്നതും ദൃശ്യങ്ങളില്‍ കേള്‍ക്കാം.
ദൃശ്യം പകര്‍ത്തിയ യൂട്യൂബര്‍ കൂടിയായ സുധീഷ് കുറിച്ചി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞതിങ്ങനെ-
കടിയേറ്റ ശേഷവും സുരേഷ് പാമ്പിനെ വീട്ടില്ല. പാന്റ്‌സ് മുട്ടിനു മുകളിലേക്കു കയറ്റി വച്ച് കരിങ്കല്‍ കെട്ടിനുള്ളിലേക്ക് കയറിയ പാമ്പിനെ വീണ്ടും പിടികൂടി. ഒരു കയ്യില്‍ പാമ്പിനെ പിടിച്ച് മറു കൈ കൊണ്ട് കടിയേറ്റ ഭാഗത്തെ രക്തം സുരേഷ് ഞെക്കി കളഞ്ഞു കൊണ്ടേയിരുന്നു. കാലിന് മുകളില്‍ തോര്‍ത്തു കൊണ്ട് കെട്ടി ആശുപത്രിയിലേക്ക് തിരിച്ചു. ഏറ്റവും അടുത്ത ആശുപത്രിയില്‍ ഉടന്‍ എത്തിച്ച് ആന്റി വനം നല്‍കണമെന്ന് വാവാ സുരേഷ് തന്നെ ഒപ്പം ഉണ്ടായിരുന്നവരോട് പറഞ്ഞു.
ജനുവരി 31ന് വൈകുന്നേരം അഞ്ചു മണിയോടെ വെന്റിലെറ്ററില്‍ പ്രവേശിപ്പിച്ചു വാവ സുരേഷ് ഇത് വരെ പൂര്‍വ്വാവസ്ഥയിലേക്ക് തിരിച്ചെത്തിയിട്ടില്ല.
- TAGS:
- VAVA SURESH
- Snake Bite