Top

കാട്ടിൽ പടർന്ന് മഞ്ഞക്കൊന്നകൾ, വന്യ ജീവികൾ കാടിനു പുറത്ത്; നീക്കം ചെയ്യാൻ കോടികൾ അനുവദിച്ച് വനംവകുപ്പ്

കാടിന് വലിയ ഭീഷണിയായി മാറിയതോടെയാണ് ഇവ നശിപ്പിക്കാൻ വനംവകുപ്പ് നിർബന്ധിതരായത്

21 Jan 2023 6:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാട്ടിൽ പടർന്ന്  മഞ്ഞക്കൊന്നകൾ, വന്യ ജീവികൾ കാടിനു പുറത്ത്; നീക്കം ചെയ്യാൻ കോടികൾ അനുവദിച്ച് വനംവകുപ്പ്
X

സുൽത്താൻ ബത്തേരി: വയനാട് വന്യ ജീവി സങ്കേതത്തെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന മഞ്ഞക്കൊന്ന നീക്കം ചെയ്യുന്നതിനായി കോടികൾ വകവരുത്തി വനംവകുപ്പ്. ആദ്യ ഘട്ടമായി 2.27 കോടി രൂപയാണ് വനംവകുപ്പ് അനുവദിച്ചത്. 12,300 ഹെക്ടർ വനഭൂമിയിലാണ് മഞ്ഞക്കൊന്ന വ്യാപിച്ചിട്ടുള്ളത്. ഇതിൽ 1086 ഹെക്ടർ ഭൂമിയിലെ കൊന്ന നശിപ്പിക്കാനുള്ള ടെൻഡർ നടപടികൾ അവസാനഘട്ടത്തിലാണ്. കാടിന് വലിയ ഭീഷണിയായി മാറിയതോടെയാണ് ഇവ നശിപ്പിക്കാൻ വനംവകുപ്പ് നിർബന്ധിതരായത്.

1980 ൽ വനംവകുപ്പിൻ്റെ സോഷ്യൽ ഫോറസ്ട്രി വിഭാഗമാണ് പണം മുടക്കി കാടുകളിൽ മഞ്ഞക്കൊന്നത്തൈകൾ നട്ടുപിടിപ്പിച്ചത്. വനമേഖലയുടെ സൗന്ദര്യവത്ക്കരണമടക്കം ലക്ഷ്യമിട്ടായിരുന്നു വിദേശിയായി മഞ്ഞക്കൊന്നയെ കേരളത്തിൽ എത്തിച്ചത്.എന്നാൽ ഇത് മൂലം സംസ്ഥാനത്തെ ഹെക്ടർ കണക്കിന് വനം നശിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഒരു ചെടിയിൽ നിന്ന് ആയിരക്കണക്കിന് വിത്തുകളാണ് വീണ് മുളക്കുന്നത്. പെട്ടന്ന് വളരുന്ന ഇത് കാടിൻ്റെ ജൈവസമ്പത്തും ആവാസവ്യവസ്ഥയും നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. തഴച്ചുവളരുന്ന മഞ്ഞക്കൊന്ന കാടിൻ്റെ സന്തുലനത്തെ തകർക്കുന്നതായി പഠനങ്ങൾ കണ്ടെത്തി. ആവസാവ്യവസ്ഥ നശിക്കുന്നതാണ് വന്യ ജീവികൾ കാട്ടിൽ നിന്ന് ഇറങ്ങുന്നതിന് കാരണമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.

മഞ്ഞക്കൊന്ന വളരുന്നതിൻ്റെ ചുറ്റുപാടും മറ്റു ചെടികളോ പുല്ലോ മുളക്കില്ല. ഇതിൻ്റെ ഇല സസ്യഭുക്കുകളായ മൃഗങ്ങൾ ഭക്ഷിക്കാറില്ല. മഞ്ഞക്കൊന്നകൾ കാട്ടിൽ പടർന്നതോടെ വന്യ മൃഗങ്ങൾ കാട്ടിൽ നിന്ന് പുറത്തിറങ്ങുന്നത് വർധിച്ചു. ഇത്തരം സാഹചര്യങ്ങളെ കണക്കിലെടുത്ത് കുറച്ച് വർഷങ്ങളായിട്ട് കാടിനുള്ളിൽ നിന്ന് മഞ്ഞക്കൊന്ന നീക്കം ചെയ്യാനുള്ള പരിശ്രമത്തിലാണ് വനംവകുപ്പ്. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് മഞ്ഞക്കൊന്നയാണ് നീക്കം ചെയ്തത്. എന്നാൽ പൂർണമായും ഉന്മൂലനം ചെയ്യാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

STORY HIGHLIGHTS: More than two Crore allotted for removing Senna Siamea

Next Story