Top

കെഎസ്ആർടിസിക്കെതിരെ ഒരു മാസം ലഭിക്കുന്നത് നാനൂറിലേറെ പരാതികൾ; അമ്പത് സസ്പെൻഷൻ ഉത്തരവുകൾ

ഒരുഭാ​ഗത്ത് പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകുമ്പോഴേക്കും അടുത്ത വിവാദമുയരും

3 Oct 2022 1:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെഎസ്ആർടിസിക്കെതിരെ ഒരു മാസം ലഭിക്കുന്നത് നാനൂറിലേറെ പരാതികൾ; അമ്പത് സസ്പെൻഷൻ ഉത്തരവുകൾ
X

തിരുവനന്തപുരം: കെഎസ്ആർടിസിക്കെതിരെ മാനേജ്മെന്റിന് ഒരു മാസം നാനൂറിലേറെ പരാതികൾ ലഭിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. ജീവനക്കാർക്കെതിരെ അമ്പതോളം സസ്പെൻഷൻ ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. 80 ശതമാനം യാത്രക്കാർ മാത്രമാണ് രേഖാമൂലം പരാതി നൽകുന്നത്. കൺട്രോൾ റൂമിലും സ്റ്റേഷൻമാസ്റ്റർ ഓഫീസിലും പരാതി പറയുന്നവരുടെ എണ്ണവും കൂടുതലാണ്. ​ഗുരുതരമല്ലാത്ത പരാതികളിൽ ഡിപ്പോ തലത്തിൽ താക്കീത് നൽകി ഒഴിവാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഒരുഭാ​ഗത്ത് പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകുമ്പോഴേക്കും അടുത്ത വിവാദമുയരും. കൊട്ടാരക്കര, കാട്ടാക്കട, സംഭവങ്ങൾക്ക് പിന്നാലെ ചിറയിൻകീഴും പ്രശ്നമുണ്ടായത് ഉദാഹരണമാണ്. മോട്ടോർ ട്രാൻസ്പോർട്ട് കോർപ്പറേഷന് വേണ്ട ജീവനക്കാരെയല്ല കെഎസ്ആർടിസി റിക്രൂട്ട് ചെയ്തിട്ടുളളത്. ജീവനക്കാരിൽ ഭൂരിഭാ​ഗവും ബിരുദമോ ബിരുദാനന്തരബിരുദമോ ഉളളവരാണ്. നാലും അഞ്ചും വർഷം കഴിഞ്ഞിട്ടും തൊഴിൽ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ പലർക്കും കഴിഞ്ഞിട്ടില്ലെന്നും വിലയിരുത്തലുണ്ട്.

സ്ഥാപനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും ശമ്പളമുടക്കവും തൊഴിൽ അന്തരീക്ഷത്തിലെ പിരിമുറുക്കവുമൊക്കെ ജീവനക്കാരെ അസംതൃപ്തരാക്കുന്നു. സിം​ഗിൾ ഡ്യൂട്ടി സംവിധാനത്തിൽ ആഴ്ചയിൽ ആറ് ദിവസം ജോലിക്ക് കയറേണ്ടി വരുന്നതും അമർഷത്തിന് കാരണമാകുന്നു. പുലർച്ചെ നേരത്തെ കയറി രാത്രി വൈകി ഇറങ്ങുന്നത് വനിതാ കണ്ടക്ടർമാരിലും അസംതൃപ്തിക്ക് ഇടവരുത്തുന്നു. കർണാടകയേയും തമിഴ്നാടിനേയും പോലെ വിദ്യാഭ്യാസ യോ​ഗ്യതകളേക്കാളേറെ ബസിലെ ജോലിക്ക് താത്പര്യമുളളവരെയാണ് കെഎസ്ആർടിസി ജീവനക്കാരായി തെരഞ്ഞെടുക്കേണ്ടതെന്നും വിലയിരുത്തലുകളുണ്ട്.

STORY HIGHLIGHTS: More than 400 complaints are received against KSRTC in a month

Next Story