Top

'ജ്യൂസ് ചലഞ്ചും ഷാരോണിനെ കൊല്ലാൻ വേണ്ടിയായിരുന്നു'; ചോദ്യം ചെയ്യലിൽ ​ഗ്രീഷ്മയുടെ കൂടുതൽ വെളിപ്പെടുത്തലുകൾ

6 Nov 2022 4:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജ്യൂസ് ചലഞ്ചും ഷാരോണിനെ കൊല്ലാൻ വേണ്ടിയായിരുന്നു; ചോദ്യം ചെയ്യലിൽ ​ഗ്രീഷ്മയുടെ കൂടുതൽ വെളിപ്പെടുത്തലുകൾ
X

തിരുവനന്തപുരം: പാറശാല ഷാരോൺ കൊലക്കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തി മുഖ്യപ്രതി ​ഗ്രീഷ്മ. ജ്യൂസ് ചലഞ്ച് നടത്തിയത് ഷാരോണിനെ കൊലപ്പെടുത്താൻ വേണ്ടി തന്നെയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ ​ഗ്രീഷ്മ പറഞ്ഞു. നിരവധി തവണ ജ്യൂസിൽ വിഷം കലക്കി കൊല്ലാൻ ശ്രമിച്ചിരുന്നുവെന്നും ​ഗ്രീഷ്മ സമ്മതിച്ചു. ​ഗ്രീഷ്മയെ ഇന്ന് രാമവർമ്മൻചിറയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. തുടർന്ന് ഷാരോണും ​ഗ്രീഷ്മയും പോയിട്ടുളള വിവിധ സ്ഥലങ്ങളിലേക്കും തെളിവെടുപ്പിനായി കൊണ്ടുപോകും.

​ഗ്രീഷ്മയുടെ വീടിന്റെ വാതിൽ തകർത്ത് അജ്ഞാതൻ അകത്ത് കയറിയ സംഭവത്തിൽ തമിഴ്നാട് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സ്ഥലത്തെ സിസിടിവി പരിശോധിക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ജോണ്‍സന്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതി ഗ്രീഷ്മയുമായുള്ള തെളിവെടുപ്പ് നടക്കാനിരിക്കെ, ആരെങ്കിലും വീടിനകത്തേക്ക് കടന്നത് തെളിവ് നശിപ്പിക്കാന്‍ ആണോ എന്ന സംശയം ഉയര്‍ന്നിരുന്നു. മോഷണ ശ്രമമാണോ എന്നും സംശയമുണ്ട്. അതേസമയം ഇത് കേസിനെ ബാധിക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

കസ്റ്റഡിയിലുള്ള ഗ്രീഷ്മയെയും, അമ്മ സിന്ധുവിനെയും, അമ്മാവൻ നിർമ്മൽ കുമാറിനെയും അന്വേഷണ സംഘം ഒരുമിച്ചിരുത്തി ശനിയാഴ്ച ചോദ്യം ചെയ്തിരുന്നു. തെളിവെടുപ്പ് ഉൾപ്പടെയുള്ള പൊലീസ് നടപടികൾ ക്യാമറയിൽ ചിത്രീകരിക്കണമെന്നാണ് കോടതി നിർദ്ദേശം. അതേസമയം കേസിൽ നിർണ്ണായകമായ ശാസ്ത്രീയ പരിശോധന ഫലം തിങ്കളാഴ്ച ലഭിക്കുമെന്നാണ് വിവരം. ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് ഗ്രീഷ്മ. ശക്തമായ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് നെയ്യാറ്റിന്‍കര കോടതി ഗ്രീഷ്മയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

STORY HIGHLIGHTS: More revelations of Greeshma in the interrogation in sharon death

Next Story