Top

മുല്ലപ്പെരിയാര്‍: ഡാം സുരക്ഷയുടെ എല്ലാ ചുമതലകളും മേല്‍നോട്ട സമിതിക്ക്; അധികാരം ദേശീയ സമിതി വരുന്നത് വരെയെന്ന് സുപ്രീം കോടതി

എത്ര അടി വെള്ളം സൂക്ഷിക്കാം, എപ്പോൾ വെള്ളം തുറന്നുവിടണം എന്നീ കാര്യങ്ങളിൽ ഇനി മേൽനോട്ട സമിതിക്ക് അന്തിമ തീരുമാനം എടുക്കാം

8 April 2022 10:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുല്ലപ്പെരിയാര്‍: ഡാം സുരക്ഷയുടെ എല്ലാ ചുമതലകളും മേല്‍നോട്ട സമിതിക്ക്; അധികാരം ദേശീയ സമിതി വരുന്നത് വരെയെന്ന് സുപ്രീം കോടതി
X

ന്യൂഡൽഹി: മുല്ലപ്പെരിയാ‍‍ർ മേൽനോട്ട സമിതി പുനസംഘടിപ്പിക്കുവാനും കൂടുതൽ അധികാരം നൽകുവാനും സുപ്രീം കോടതി ഉത്തരവ്. മുല്ലപ്പെരിയാ‍‍ർ ഡാം സുരക്ഷ അതോറിറ്റിയുടെ എല്ലാ ചുമതലകളും ഇനി മേൽനോട്ട സമിതിക്ക് നൽകും. ഡാം സുരക്ഷ സമിതി പ്രവ‍ർത്തനം സജ്ജമാകുന്നത് വരെ മേൽനോട്ട സമിതിയുടെ പ്രവർത്തനം തുടരണമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ തമിഴ്നാട്ടിലെയും കേരളത്തിലെയും ഓരോ സാങ്കേതിക വിദഗ്ധരെ കൂടി സമിതിയിൽ ഉൾപ്പെടുത്തി പുനസംഘടിപ്പിക്കാനുമാണ് കോടതി വിധി. ജസ്റ്റിസ് എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

മുല്ലപ്പെരിയാർ ഡാമിന്റെ മേൽനോട്ട സമിതിയെ ഒരു വർഷത്തേക്ക് കൂടി തുടരാൻ അനുവദിക്കണമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. പുതിയ ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയിൽ വരുന്ന ഡാം സുരക്ഷ അതോറിറ്റി നിലവിൽ വരുന്നതു വരെ മുല്ലപ്പെരിയാർ ഡാമിന്റെ മേൽനോട്ട സമിതി തുടരട്ടയെന്നായിരുന്നു കേന്ദ്രസർക്കാരിന്റെയും നിലപാട്. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.

മേൽനോട്ട സമിതിക്ക് ഡാം സുരക്ഷ അതോറിറ്റിക്കുള്ള അധികാരങ്ങൾ ലഭിക്കുന്നതോടെ അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നത് അടക്കമുള്ള വിഷയങ്ങളിൽ സമിതിക്കു നേരിട്ടു നടപടിയെടുക്കാം. കൂടാതെ അണക്കെട്ടിൻറെ റൂൾ കർവ് സംബന്ധിച്ചും മേൽനോട്ട സമിതിക്ക് തീരുമാനമെടുക്കാം. എത്ര അടി വെള്ളം സൂക്ഷിക്കാം, എപ്പോൾ വെള്ളം തുറന്നുവിടണം അടക്കം സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും സമിതിക്ക് അന്തിമ തീരുമാനം എടുക്കാൻ സാധിക്കും. സുരക്ഷ അതോറിറ്റി നിലവിൽ വന്നാൽ അണക്കെട്ട പൂർണമായും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാകും.

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട മേൽനോട്ട സമിതിയുടെ അധ്യക്ഷനെ മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. ദേശീയ ഡാം സുരക്ഷാ അതോറിറ്റി രൂപീകരിക്കുന്നതിന് സമയ പരിധി നിശ്ചയിക്കണമെന്ന കേരളത്തിന്റെ ആവശ്യവും കോടതി തള്ളിയിരുന്നു.

Story highlights: more powers to Mullaperiyar Oversight Committee Supreme Court order

Next Story