കുരുക്ക് മുറുകുന്നു; 'വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് ദിലീപിനെതിരെ രംഗത്തെത്തും'; എല്ലാ തെളിവുകളും കൈമാറിയെന്ന് ബാലചന്ദ്രകുമാര്‍
'കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്'
11 Jan 2022 11:01 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് നടത്തിയ നീക്കങ്ങളുടെ തെളിവുകള്‍ കൈമാറിയെന്ന് സംവിധായകന് ബാലചന്ദ്രകുമാര്‍. അടുത്ത ദിവസങ്ങളില്‍ ദിലീപിനെതിരെ കൂടുതല്‍ പേര് രംഗത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് ശേഷം തനിക്ക് നേരെ ഭീഷണി ഉയര്‍ന്നിട്ടുണ്ടെന്നും കഴിഞ്ഞദിവസം ദിലീപിന്റെ സുഹൃത്തായ നിര്‍മ്മാതാവ് തന്റെ വീടും വഴിയും അന്വേഷിച്ചതിന് തെളിവുണ്ടെന്നും ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
''കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതല്ല. ശബ്ദരേഖ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് ദിലീപ് ഒരിടത്തും പറഞ്ഞിട്ടില്ല. ശബ്ദം ദിലീപിന്റേതാണെന്ന് തെളിയിക്കാവുന്നത് ഇരുപതോളം ക്ലിപ്പിംഗുകള്‍ വേറെയുമുണ്ട്. കേസില്‍ കൂടുതല്‍ സാക്ഷികള്‍ അടുത്ത ദിവസങ്ങളില്‍ രംഗത്ത് വരും. സാക്ഷികളെ ദിലീപ് സ്വാധീനിച്ചതിന് തെളിവുണ്ട്. കൂറു മാറ്റാന്‍ സാമ്പത്തികവും കായികവുമായ ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറി. സാക്ഷികളെ ദിലീപിന്റെ സഹോദരന് അനൂപും സഹോദരി ഭര്‍ത്താവ് സുരാജും സ്വാധീനിച്ചതിന് കൃത്യമായ തെളിവുണ്ട്. എങ്ങനെയാണ് ഡീല്‍ നടത്തിയതെന്ന് വിശദമാക്കുന്നതിനും തെളിവുണ്ട്. സാഗര്‍ കൂറുമാറിയതിന്റെ വിശദാംശങ്ങളും ഇക്കാര്യം ദിലീപ് പറയുന്നതിന്റെ തെളിവും കൈവശമുണ്ട്.''-ബാലചന്ദ്രകുമാര്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരുമായി താന്‍ എതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ ദിലീപ് അതിന്റെ തെളിവ് നല്‍കണമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
ദിലീപിന് പിന്നിലുള്ള ഉന്നതനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ബാലചന്ദ്രകുമാര്‍ പങ്കുവച്ചു. ഒരു മന്ത്രിയുടെ അടുത്ത സുഹൃത്താണ് വിഐപിയെന്ന് വിശേഷിപ്പിക്കുന്ന വ്യക്തിയെന്ന് ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബാലചന്ദ്രകുമാര്‍ പറഞ്ഞത്: ''ദിലീപുമായി ഏറ്റവും അടുത്ത നില്ക്കുന്ന ആളാണ് വിഐപി. അദ്ദേഹം മന്ത്രിമാരെക്കുറിച്ചും സംസാരിക്കുന്നുണ്ട്. ഒരു മന്ത്രിയുടെ സാന്നിധ്യത്തില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ചീത്ത വിളിക്കണമെന്ന് വരെ അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇക്കാര്യം മന്ത്രിയുടെ മുന്നില്‍ വച്ച് പറഞ്ഞാല്‍ മാത്രമേ സമാധാനം വരൂയെന്നാണ് അദ്ദേഹം പറഞ്ഞത്.
ഏതോ ഒരു മന്ത്രിയുടെ അടുത്ത സുഹൃത്താണ് ഈ വിഐപി. പൊലീസുകാരെ ഉപദ്രവിക്കാനും അദ്ദേഹം പ്ലാന്‍ ചെയ്യുന്നുണ്ട്. പള്‍സര്‍ സുനി അടക്കമുള്ളവര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ അവരെയും അപായപ്പെടുത്താന്‍ പുള്ളി പ്ലാന്‍ ചെയ്യുന്നുണ്ട്. ഇങ്ങനെയൊക്കെ ചെയ്യാന്‍ എല്ലാ മേഖലയുമായി ബന്ധമുള്ള വ്യക്തിയായത് കൊണ്ടാണ് വിഐപി എന്ന് പേരിട്ടത്. ''