'ജഡ്ജിയെ സ്വാധീനിക്കാനും ശ്രമം നടന്നു'; പിന്നില്‍ പ്രവര്‍ത്തിച്ചത് ദിലീപിന്റെ സഹോദരി ഭര്‍ത്താവ്; തെളിവുകള്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക്
6 Feb 2022 7:19 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നടിയെ ആക്രമിച്ച കേസില്‍ 2017 ൽ അറസ്റ്റിലായപ്പോൾ ദിലീപിന് ജാമ്യം ലഭിക്കാന്‍ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജ് ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ച തെളിവുകള്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക്. ബിഷപ്പുമായി അടുത്ത ബന്ധമുള്ളവരെ കണ്ടെത്താന്‍ സൂരജ് ബാലചന്ദ്രകുമാറിനോട് നിര്‍ദ്ദേശിക്കുന്ന ചാറ്റ് വിവരമാണ് പുറത്തു വന്നിരിക്കുന്നത്. നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സെന്റ് സാമുവല്‍ വഴി അന്നത്തെ ജഡ്ജായിരുന്ന സുനില്‍ തോമസിനെ സ്വാധീനിക്കാനുള്ള ശ്രമമായിരുന്നു നടന്നത്.
2017 സെപ്റ്റംബര്‍ 13 ന് രാത്രി 10 മണി കഴിഞ്ഞാണ് സൂരജ് ബാലചന്ദ്രകുമാറിന്റെ ഫോണിലേക്ക് വാട്സ്ആപ്പ് സന്ദേശം അയച്ചത്. എനി ചാന്‍സ് റ്റു നോ, വണ്‍ മിസ്റ്റര്‍ വിന്‍സന്‍ സാമുവല്‍, നെയ്യാറ്റിന്‍കര ബിഷപ്പ് എന്നാണ് സുരാജ് അയച്ചിരിക്കുന്ന സന്ദേശം. ഇതിന് അറിയാമെന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഞാന്‍ പോയി കാണാം എന്നും പിറ്റേന്ന് ബാലചന്ദ്രകുമാര്‍ മറുപടി നല്കി. എന്നാല്‍ ബിഷപ്പിനെ കാണേണ്ട ആവശ്യമില്ല ഈ ബിഷപ്പുമായി ഏറ്റവും അടുപ്പമുള്ള ഒരാളെ കണ്ടെത്തുക എന്ന നിര്‍ദ്ദേശമാണ് ബാലചന്ദ്രകുമാറിന് സൂരജ് നല്‍കിയത്. ജഡ്ജുമായി ഈ ബിഷപ്പിന് വളരെ അടുപ്പമുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. തുടർന്ന് ബിഷപ് ഹൗസിൽ എത്തുകയും ഫോൺ നമ്പർ ഉൾപ്പെടെ ശേഖരിച്ച് സൂരജിന് കൈമാറുകയും ചെയ്തതായി ബാലചന്ദ്രകുമാർ റിപ്പോർട്ട് ടിവിയോട് വെളിപ്പെടുത്തി. നേരത്തെ അന്വേഷണ സംഘത്തിന് ഈ വാട്സ്ആപ്പ് ചാറ്റ് ബാലചന്ദ്രകുമാര്‍ കൈമാറിയിരുന്നു.
നെയ്യാറ്റിന്‍കര സ്വദേശിയാണ് ബാലചന്ദ്രകുമാര്‍. അതിനാലാണ് നെയ്യാറ്റിന്‍കര ബിഷപ്പിന്റെ ഇടപെടലിന് ബാലചന്ദ്രകുമാറിന്റെ സഹായം തേടിയത്. എന്നാല്‍ ഈ ശ്രമം നടന്നില്ലെന്നും ജഡ്ജ് സുനില്‍ തോമസിനടുത്തെത്താന്‍ പോലും ദിലീപിന് കഴിഞ്ഞിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.