സാഗറിന്റെ മൊഴി മാറ്റിയത് ദിലീപും സംഘവും; തെളിവുകള്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക്
11 Jan 2022 4:02 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ സാക്ഷി സാഗറിനെ മൊഴി മാറ്റാന്‍ പ്രേരിപ്പിച്ചത് ദിലീപും സംഘവുമെന്ന് തെളിയിക്കുന്ന തെളിവുകള്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക്. കാവ്യ മാധവന്റെ ഡ്രൈവര്‍ സുനീറും ദിലീപിന്റെ അഭിഭാഷകനായ ഫിലിപ്പും ആലപ്പുഴയിലെ റെയ്ബാന്‍ ഹോട്ടലില്‍ വെച്ച് കേസിലെ സാക്ഷിയായ സാഗറിന് പണം കൈമാറിയത് ഹോട്ടലില്‍ മുറിയെടുത്ത്. സുനീറിന്റെ പേരിലെന്ന് തെളിയിക്കുന്ന ഹോട്ടല്‍ രജിസ്റ്ററിന്റെ പകര്‍പ്പും ഇതുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരന് അനൂപിന്റെ ശബ്ദരേഖയും റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു.
കേസിലെ സുപ്രധാന സാക്ഷിയായിരുന്നു സാഗര്‍. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ പള്‍സര്‍ സുനി ലക്ഷ്യയിലെത്തി ഒരു കവര്‍ കൊടുക്കുന്നത് താന്‍ കണ്ടിരുന്നതായാണ് സാഗര്‍ നേരത്തെ നല്‍കിയിരുന്ന മൊഴി. എന്നാല്‍ ഇയാള്‍ പിന്നീട് അത് മാറ്റുകയായിരുന്നു. മൊഴി മാറ്റാല്‍ സാഗറിനുനേല്‍ സ്വീധിനം ചെലുത്തിയിരുന്നുവെന്ന റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതിനായി ആലപ്പുഴയിലെ ഹോട്ടലിലെ ബില്ല് ഉള്‍പ്പെടെയായിരുന്നു അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയത്. ഇത് ശരിവെയ്ക്കുന്ന സംഭാഷണവും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടിവി പുറത്തു വിട്ടിരുന്നു.
2017 നവംബര്‍ 15 തിയതി നടത്തിയ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. ദിലീപ്, സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, കേസില്‍ നേരത്തെ വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്ര കുമാര്‍ സൂചിപ്പിച്ച വിഐപി, ദിലീപിന്റെ മറ്റൊരു സുഹൃത്ത് ബൈജു എന്നിവരാണ് സംഭാഷണം നടക്കുന്ന സമയത്ത് വീട്ടിലുണ്ടായിരുന്നത്.
സാഗറിന് ആലപ്പുഴയിലേക്ക് സ്വിഫ്റ്റ് കാറില്‍ കൊണ്ടുപോയി അവിടെ നിന്നും മനംമാറ്റിയാണ് തിരികെ കൊണ്ടുവന്നതെന്നു അനൂപ് ദിലീപിനോട് പറയുന്നുണ്ട്. തന്റെ അഭിഭാഷകനായ ഫിലിപ്പ് ടി വര്‍ഗ്ഗീസിനെ കാണാന്‍ സാഗര്‍ പോയോ എന്ന ദീലീപിന്റെ ആകാംഷയോട് കൂടിയ ചോദ്യത്തിന് മറുപടിയായാണ് അനൂപിന്റെ മറുപടി.സാഗര്‍ മൊഴിമാറ്റിയ സാഹചര്യത്തില്‍ പൊലീസിന് ഇനി സാഗറിനെ തൊടാന്‍ കഴിയില്ലെന്ന് ആയിരുന്നു അവിടെ ഉണ്ടായിരുന്ന വിഐപിയുടെ പ്രതികരണം. അതേസമയം, സാഗറിനെ സ്വാധീനിച്ചെന്ന് കണ്ടെത്തിയാല്‍ ദിലീപിന്റെ ജാമ്യം റദ്ദാകുമോ എന്ന ആശങ്ക സഹോദരി ഭര്‍ത്താവായ സുരാജ് പങ്കുവെയ്ക്കുന്നതും ശബ്ദ സന്ദേശത്തില്‍ വ്യക്തമാണ്.