Top

'പ്രതികള്‍ ആയുധം കരുതിയില്ല, പ്രതിഷേധിച്ചത് ലാന്‍ഡിങ്ങിന് ശേഷം'; ജാമ്യ ഉത്തരവിലെ വിശദാംശങ്ങള്‍

തിരുവനന്തപുരം എയര്‍പോര്‍ട്ട് മാനേജര്‍ ആദ്യം നല്‍കിയ റിപ്പോര്‍ട്ടില്‍ വാക്കുതര്‍ക്കം എന്ന് മാത്രമാണുള്ളത്. പ്രതികള്‍ മുദ്രാവാക്യം മുഴക്കിയെന്ന വിവരം പിന്നീട് നല്‍കിയ റിപ്പോര്‍ട്ടിലാണെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.

23 Jun 2022 12:07 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രതികള്‍ ആയുധം കരുതിയില്ല, പ്രതിഷേധിച്ചത് ലാന്‍ഡിങ്ങിന് ശേഷം; ജാമ്യ ഉത്തരവിലെ വിശദാംശങ്ങള്‍
X

കൊച്ചി: വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനോട് വ്യക്തിവിരോധമില്ലെന്ന് കോടതി. മൂന്ന് പേര്‍ക്കും ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. പ്രതികള്‍ ആയുധം കരുതിയില്ല. വിമാനം ലാന്‍ഡ് ചെയ്ത ശേഷമാണ് പ്രതിഷേധിച്ചത്. പ്രതിഷേധത്തിന് കാരണം മുഖ്യമന്ത്രിയോടുള്ള വ്യക്തിവിരോധമല്ല. തിരുവനന്തപുരം എയര്‍പോര്‍ട്ട് മാനേജര്‍ ആദ്യം നല്‍കിയ റിപ്പോര്‍ട്ടില്‍ വാക്കുതര്‍ക്കം എന്ന് മാത്രമാണുള്ളത്. പ്രതികള്‍ മുദ്രാവാക്യം മുഴക്കിയെന്ന വിവരം പിന്നീട് നല്‍കിയ റിപ്പോര്‍ട്ടിലാണെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.

വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച മൂന്ന് പ്രതികള്‍ക്കും ഹൈക്കോടതി ഇന്നാണ് ജാമ്യം അനുവദിച്ചത്. പ്രതികളിലൊരാളായ സുജിത് നാരായണന് മുന്‍കൂര്‍ ജാമ്യം നല്‍കുകയും അറസ്റ്റിലായ മറ്റ് രണ്ട് പ്രതികളായ ഫര്‍സീന്‍ മജീദിനും നവീന്‍ കുമാറിനും ജാമ്യം അനുവദിക്കുകയുമാണ് കോടതി ചെയ്തത്. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. മുദ്രാവാക്യം വിളിച്ച ഇവരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ തള്ളി മാറ്റുകയായിരുന്നു. ഇവരെ സംശയാസ്പദമായ സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ കണ്ടപ്പോള്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ആര്‍സിസിയില്‍ രോഗിയെ കാണാന്‍ പോകുന്നുവെന്ന് പറഞ്ഞതാണ് ഇവര്‍ വിമാനത്തില്‍ കയറിയതെന്ന് പൊലീസ് അറിയിച്ചിരുന്നു.

ഇതേത്തുടർന്ന് മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായത് ആസൂത്രിത ആക്രമണമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ആവര്‍ത്തിച്ചിരുന്നു. വിമാനത്തില്‍ കയറിയവരില്‍ ഒരാള്‍ രണ്ട് വധശ്രമ കേസിലുള്‍പ്പെടെ പത്തൊന്‍പത് കേസിലെ പ്രതിയാണ്. ഇത്തരത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയാണ് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം വിമാനത്തില്‍ കയറ്റിവിട്ടത്. ഇത്തരം ഭീകരപ്രവര്‍ത്തനത്തിനെതരെ ജനങ്ങളെയാകെ അണിനിരത്തുമെന്നും ഇപി ജയരാജൻ പറഞ്ഞിരുന്നു.

Story Highlights: 'Defendants did not carry weapons, protested after landing'; Details of the bail order

Next Story