വിഐപി ഉന്നതരുമായി ബന്ധമുള്ള കോണ്ഗ്രസുകാരന്; പുതിയ സൂചനകള്‍ റിപ്പോര്‍ട്ടര്‍ ലൈവിന്
15 Jan 2022 7:38 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക കണ്ണിയായി അന്വേഷണ സംഘം കരുതുന്ന വിഐപിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ റിപ്പോര്‍ട്ടര്‍ ലൈവിന്. വിഐപിക്ക് കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധമുണ്ടെന്നും ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ വിശ്വസ്തനുമാണെന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യത്തില്‍ അന്വേഷണ സംഘം സ്ഥിരീകരണം നടത്തിയിട്ടില്ല. അന്വേഷണ സംഘം വിഐപിക്കരികിലെത്തിയിട്ടുണ്ട്. ഇയാളുടെ ശബ്ദ സാമ്പിള്‍ കൂടി പരിശോധിച്ച ശേഷമേ ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളൂ.
ഇന്ന് തന്നെ ശബ്ദസാമ്പിള്‍ ബാലചന്ദ്രകുമാറിന് കൈമാറിയേക്കും.ക്രൈം ബ്രാഞ്ച് കാണിച്ച ഫോട്ടോകളിലൊന്നില്‍ നിന്നും സംവിധായകന് ബാലചന്ദ്രകുമാര്‍ ഒരാളില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. അന്വേഷണ സംഘം ഇയാളുടെ ശബ്ദ സാമ്പിള്‍ പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ്. വിഐപിയെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആറ് ഫോട്ടോകളാണ് തന്നെ കാണിച്ചത്. വിഐപിക്കെടുത്തെത്താനുള്ളശ്രമങ്ങള് ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
കേസിലെ നിര്‍ണായക തുമ്പാവുമെന്ന് അന്വേഷണ സംഘം കരുതുന്നയാളാണ് വിഐപി. നടിയെ ആക്രമിച്ച കേസില്‍ തുടക്കം മുതല്‍ വിഐപിക്ക് പങ്കുണ്ടെന്നാണ് ഇതുവരെ പുറത്തു വന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയിലുള്ള ദിലീപിനൊപ്പം നിന്ന നിര്‍ണായക സാന്നിധ്യം, സാക്ഷികളെ സ്വാധീനിച്ചു, അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ പദ്ധതിയിട്ടു, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ച് നല്കി തുടങ്ങി നിരവധി വെളിപ്പെടുത്തലുകളാണ് ഇതിനകം വിഐപിക്കെതിരെ പുറത്തു വന്നിട്ടുള്ളത്.
വിഐപിയെക്കുറിച്ച് ബാലചന്ദ്രകുമാർ പറഞ്ഞത്
വിഐപിയെ തനിക്ക് പരിചമില്ലാത്ത ആളായിരുന്നു. സിനിമാക്കാരനല്ലെന്ന് വ്യക്തമാണ്. അങ്ങനെയെങ്കില്‍ തനിക്കറിയാന്‍ കഴിഞ്ഞേന. രാഷ്ട്രീയ ബന്ധമുള്ളയാളാണെന്നാണ് സംസാരത്തില്‍ നിന്നും തനിക്ക് മനസ്സിലായതെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. ആള്‍ക്ക് ബിസിനസ് ബന്ധവുമുണ്ടെന്നാണ് തനിക്ക് അനുമാനിക്കാനായത്. ട്രാവല്‍ ഏജന്‍സിയോ ഹോട്ടലുകളോ നടത്തുന്നയാളാണെന്നാണ് അയാള്‍ ഫോണില്‍ നടത്തിയ സംഭാഷണങ്ങളില്‍ നിന്നും മനസ്സിലാക്കാനായത്. ബുക്കിംഗിനെക്കുറിച്ചും ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിനെക്കുറിച്ചുമൊക്കെ സംസാരിച്ചിരുന്നു. തൊട്ടടുത്ത് ദിവസം തന്നെ അദ്ദേഹത്തിനുള്ള ഒരു ഫ്ലൈറ്റ് യാത്രയെക്കുറിച്ചും പറയുന്നുണ്ടായിരുന്നു. എന്നാലിത് അന്‍വര്‍ സാദത്ത് എംഎല്‍എ അല്ലെന്നും. അദ്ദേഹത്തെ തനിക്കറിയാമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.