Top

'നടിയെ ആക്രമിച്ച ദൃശ്യങ്ങളിലെ ശബ്ദം വ്യക്തമാവണമെന്ന് ദിലീപ്, ഏര്‍പ്പാടുകള്‍ ചെയ്തത് ഒരു വിഐപി'; ​ഗുരുതര ആരോപണങ്ങൾ

25 Dec 2021 8:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നടിയെ ആക്രമിച്ച ദൃശ്യങ്ങളിലെ ശബ്ദം വ്യക്തമാവണമെന്ന് ദിലീപ്, ഏര്‍പ്പാടുകള്‍ ചെയ്തത് ഒരു വിഐപി; ​ഗുരുതര ആരോപണങ്ങൾ
X

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകനും നടന്റെ മുന്‍ സുഹൃത്തുമായ ബാലചന്ദ്രകുമാര്‍. കേസില്‍ ദിലീപിന് ജാമ്യം ലഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആക്രമത്തിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിച്ചു. ഒരു വിഐപിയാണ് ഇതെത്തിച്ചത്. വീഡിയോയിലെ ശബ്ദത്തിന് വ്യക്തതയില്ലാത്തിനാല്‍ ലാല്‍ മീഡിയയില്‍ കൊണ്ട് പോയി ഓഡിയോക്ക് വ്യക്തത വരുത്തിയെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് വെളിപ്പെടുത്തി.

ജാമ്യം ലഭിച്ച ശേഷം ദിലീപ് വീട്ടിലേക്ക് വിളിച്ചിരുന്നു. ഒക്ടോബര്‍ മാസം ആദ്യവാരമാണ് ദിലീപ് ജാമ്യത്തിലിറങ്ങിയത്. നവംബര്‍ മാസം ആദ്യമാണ് ഈ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിയത്. അന്ന് കേസില്‍ കുറ്റപത്രം കൊടുത്തിട്ടുണ്ടായിരുന്നില്ല. എട്ടോളം ക്ലിപ്പുകള്‍ ഉണ്ടായിരുന്നെന്നും ദിലീപും സുഹൃത്തുക്കളും ഒരുമിച്ച് ഈ ദൃശ്യങ്ങള്‍ കണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ഭായി കാണുന്നുണ്ടോ എന്ന് എന്നോട് ചോദിച്ചു, എന്താണ് സര്‍ ഞാന്‍ ചോദിച്ചു. സുനിയുടെ ക്രൂരകൃത്യങ്ങള്‍ എന്നാണ് ദിലീപ് മറുപടി പറഞ്ഞത്. നടിയുടെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങളാണെന്ന് മനസ്സിലാതോടെ ഞാനില്ല എന്ന് പറഞ്ഞ് ഞാന്‍ മാറിയിരുന്നു. അവരുടെ സംസാരം നിരീക്ഷിച്ചു. ഒരു വിഐപിയാണ് ദൃശ്യങ്ങള്‍ ടാബില്‍ കൊണ്ടു വന്നത്. ദൃശ്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതും കേട്ടെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.

'ശബ്ദം അല്‍പ്പം പോലും കേള്‍ക്കുന്നില്ലായിരുന്നു. നീ പറഞ്ഞത് പോലെ ഞാന്‍ ലാല്‍ മീഡിയയില്‍ കൊണ്ട് പോയി 20 ഇരട്ടി ശബ്ദം ബൂസ്റ്റ് അപ്പ് ചെയ്തു എന്നാണ് വിഐപി ദിലീപിനോട് പറഞ്ഞത്,' ബാലചന്ദ്രകുമാര്‍ പറഞ്ഞു. അന്ന് വീഡിയോയില്‍ കേട്ട ദൃശ്യങ്ങള്‍ ഇപ്പോഴും തനിക്ക് ഓര്‍മ്മയുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ദൃശ്യങ്ങള്‍ എത്തിച്ച വിഐപിയുടെ പേരുവിവരം അറിയില്ല. പക്ഷെ കണ്ടാലറിയാം. ആ വീഡിയോയിലുണ്ടായിരുന്ന വാചകങ്ങള്‍ ഇന്നും ഓർമ്മയുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.



Next Story