കമന്റ് അടിച്ചതിനെ ചോദ്യം ചെയ്തു; കോട്ടയത്ത് പെൺകുട്ടിക്ക് നേരെ മൂന്നംഗ സംഘത്തിന്റെ ആക്രമണം
29 Nov 2022 5:41 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോട്ടയം: നഗര മധ്യത്തിൽ പെൺകുട്ടിക്ക് നേരെ ആക്രമണം. ഇന്നലെ രാത്രി 10.30 ഓടെയാണ് ആക്രമണം ഉണ്ടായത്. സെൻട്രൽ ജംഗ്ഷന് സമീപമായിരുന്നു സദാചാര ഗുണ്ടാ സംഘം പെൺകുട്ടിക്ക് നേരെ അക്രമം നടത്തിയത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. താഴത്തങ്ങാടി സ്വദേശികളായ മുഹമ്മദ് അസ്ലം, അഷ്കർ, ഷെബീർ എന്നിവരാണ് അറസ്റ്റിലായത്.
കമന്റ് അടിച്ചത് ചോദ്യം ചെയ്തതിനായിരുന്നു വിദ്യാർത്ഥിനിയെയും സുഹൃത്തിനെയും സംഘം ആക്രമിച്ചത്. സംഭവത്തെ തുടർന്ന് പൊലീസ് എത്തിയാണ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയെയും സുഹൃത്തിനെയും ആശുപത്രിയിൽ എത്തിച്ചത്. പെൺകുട്ടിയെയും സുഹൃത്തിനെയും മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ പെൺകുട്ടിയോട് യുവാക്കൾ അശ്ലീല ചുവയോടെ സംസാരിച്ചതാണ് സംഭവത്തിന്റെ തുടക്കമെന്ന് പൊലീസ് പറഞ്ഞു. ഇതിനെ പെൺകുട്ടി ചോദ്യം ചെയ്തതോടെ പ്രകോപിതരായ സംഘം പെൺകുട്ടിയെയും സുഹൃത്തിനെയും പിന്നാലെ വന്ന് ആക്രമിക്കുകയായിരുന്നു.
STORY HIGHLIGHTS: moral policing against students at Kottayam