Top

മോന്‍സണ്‍ നിരന്തരം പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി; തിരുമ്മു കേന്ദ്രത്തിലെ ഒളിക്യാമറയില്‍ ഉന്നതരുടെ ദൃശ്യങ്ങള്‍; വെളിപ്പെടുത്തലുമായി പെണ്‍കുട്ടി

ചികില്‍സയ്ക്ക് എന്ന പേരില്‍ വീട്ടില്‍ എത്തിയ ഉന്നതരുടെ ദൃശ്യങ്ങളും, തന്റെ ദൃശ്യങ്ങളും മോന്‍സണ്‍ രഹസ്യമായി ചിത്രീകരിച്ചുവെന്നും പീഡനത്തിന് ഇരയായ യുവതി വെളിപ്പെടുത്തി.

22 Oct 2021 4:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോന്‍സണ്‍ നിരന്തരം പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി; തിരുമ്മു കേന്ദ്രത്തിലെ ഒളിക്യാമറയില്‍ ഉന്നതരുടെ ദൃശ്യങ്ങള്‍; വെളിപ്പെടുത്തലുമായി പെണ്‍കുട്ടി
X

പുരാവസ്തു തട്ടിപ്പുകേസ് ഉള്‍പ്പെടെ വന്‍ സാമ്പത്തിക തട്ടിപ്പുകേസുകളില്‍ പ്രതിയായ മോന്‍സന്‍ മാവുങ്കലിനെതിരെ ഗുരുതര ആരോപണങ്ങളുമായി പോക്സോ കേസ് പരാതിക്കാരി. മോന്‍സണ്‍ പീഡിപ്പിച്ചെന്ന് കാട്ടി നല്‍കിയ കേസില്‍ മോന്‍സനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതിന് പിന്നാലെയാണ് യുവതിയുടെ പ്രതികരണം. മോന്‍സണ്‍ തന്നെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ടാബ്ലെറ്റ് നല്‍കി നിര്‍ബദ്ധിച്ച് അബോര്‍ഷന്‍ നടത്തിയെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. വൈറ്റമിന്‍ ടാബ്ലെറ്റ് എന്ന പേരില്‍ മരുന്ന് നല്‍കിയാണ് ഗര്‍ഭച്ഛിദ്രം നടത്തിയത് എന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.

മോന്‍സന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന നിരവധി പെണ്‍കുട്ടികള്‍ ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നും അവരില്‍ പലരും പ്രായപൂര്‍ത്തിയാവാത്തവര്‍ ആണെന്നും പെണ്‍കുട്ടി അറിയിച്ചു. മോന്‍സന്റെ വീട്ടില്‍ സ്റ്റാഫ് ആയിട്ടാണ് താന്‍ ജോലിക്ക് പോയിരുന്നത്. പീഡനത്തിന് ഇരയാക്കിയതിന് പിന്നാലെ മോന്‍സണ്‍ മാവുങ്കല്‍ തന്നെ കൊല്ലുമെന്ന് നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പറഞ്ഞു. നഗ്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ കാണിച്ചായിരുന്നു ഭീഷണി.

സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും, ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും മോന്‍സന്റെ തിരുമ്മല്‍ കേന്ദ്രത്തിലെത്തിയിരുന്നു. ചികില്‍സയ്ക്ക് എന്ന പേരില്‍ വീട്ടില്‍ എത്തിയ ഉന്നതരുടെ ദൃശ്യങ്ങളും, തന്റെ ദൃശ്യങ്ങളും മോന്‍സണ്‍ രഹസ്യമായി ചിത്രീകരിച്ചുവെന്നും പീഡനത്തിന് ഇരയായ യുവതി വെളിപ്പെടുത്തി. ഉന്നതരെ കുടുക്കാന്‍ വീട്ടിലെ തിരുമ്മല്‍ കേന്ദ്രത്തില്‍ എട്ട് ഒളിക്യാമറ വെച്ചിട്ടുണ്ട്. തിരുമ്മല്‍ കേന്ദ്രത്തിലേക്ക് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, ഡിഐജി സുരേന്ദ്രന്‍ എന്നിവര്‍ എത്തിയിരുന്നുവെന്നും പെണ്‍കുട്ടി സ്ഥരീകരിച്ചു. മോന്‍സണുമായി സാമ്പത്തിക ഇടപാടുളള വിദേശ വനിത അനിത പുല്ലയില്‍ നിരന്തരമായി മോന്‍സന്റെ വീട്ടില്‍ എത്തിയിരുന്നതായും പെണ്‍കുട്ടി പറഞ്ഞു.

മോന്‍സണ്‍ മാവുങ്കലിന് എതിരായ പോക്സോ കേസില്‍ ക്രൈംബ്രാഞ്ച് ഇന്നലെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. യുവതിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നോര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസാണ് ക്രൈബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്. ഭീഷണിപ്പെടുത്തി പരാതി പിന്‍വലിക്കാന്‍ വേണ്ടി മോന്‍സന്റെ ഗുണ്ടകള്‍ യുവതിയുടെ വീട്ടിലെത്തിയതിന്റെ തെളിവും ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. യുവതിയുടെ വെളിപ്പെടുത്തലിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലും ഗസ്റ്റ് ഹൗസിലും ശാസ്ത്രീയ പരിശോധന നടത്തും. അതേസമയം ഡിആര്‍ഡിഒ വ്യാജരേഖാ കേസില്‍ മോന്‍സന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്ത ആഴ്ച മോന്‍സനെ കസ്റ്റഡിയില്‍ വാങ്ങും.

Next Story