Top

ബെഹ്‌റ മോന്‍സണെ കാണാന്‍ പോയത് എന്തിനെന്ന് വ്യക്തമല്ല; ഇന്റലിജന്‍സ് അന്വേഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

11 Oct 2021 4:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബെഹ്‌റ മോന്‍സണെ കാണാന്‍ പോയത് എന്തിനെന്ന് വ്യക്തമല്ല; ഇന്റലിജന്‍സ് അന്വേഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി
X

വ്യാജ പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെതിരായ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മോന്‍സണ്‍ മാവുങ്കല്‍ വിഷയം നിയമസഭയുടെ ചോദ്യോത്തര വേളയില്‍ പരിഗണിക്കവെ ആയിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മോന്‍സന്‍ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. മുന്‍ ഡിജിപി എന്തിനാണ് തട്ടിപ്പ് കാരനെ കാണാന്‍ പോയത് എന്നറിയില്ല. വിഷയം ഇന്റലിജന്‍സ് ഉള്‍പ്പെടെ അന്വേഷിക്കുകയാണ് എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ഡിജിപി മോന്‍സന്റെ വീട് സന്ദര്‍ശിച്ച് ഇന്റലിജന്‍സിനോട് വിവരം തേടിയിട്ടുണ്ട്. മോന്‍സന്‍ വിഷയം പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. അന്വേഷണത്തില്‍ ഇതുവരെ ആരും ആക്ഷേപം ഉന്നയിച്ചിട്ടില്ല. അന്വേഷണം ഗൗരവമായി പുരോഗമിക്കുന്നു എന്നാണ് മനസിലാക്കുന്നതെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. 2019 ല്‍ മുന്‍ ഡിജിപി ഇഡിയോട് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. നിലവില്‍ തട്ടിപ്പിന് ഇരയായവരെ കുറിച്ച് അന്വേഷണത്തിന്റെ ആവശ്യമില്ല, എന്നാല്‍ തട്ടിപ്പിന് കൂട്ട് നിന്നവരെ കുറിച്ച് അന്വേഷണം ഉണ്ടാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കെ പിസിസി അധ്യക്ഷന്‍ കെ സുധാകന്റെ മോന്‍സണ്‍ ബന്ധം പരോക്ഷമായി പരാമര്‍ശിച്ച ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. വ്യാജ ചികിത്സ നല്‍കിയതായി ആരും പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മോന്‍സന്റെ പക്കല്‍ ഉണ്ടായിരുന്ന ശബരിമലയുമായി ബന്ധപ്പെട്ട വ്യാജ ചെമ്പോല ഉള്‍പ്പടെയുള്ളയുടെ ആധികാരികത ഉറപ്പാക്കേണ്ടത് ആര്‍ക്കിയോളജികല്‍ സര്‍വേ ഓഫ് ഇന്ത്യയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ചെമ്പോലയുടെ ആധികാരിക പരിശോധന നടക്കുകെയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വ്യാജമെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കും. ചെമ്പോല വ്യാജമാണ് എന്ന് ഏകദേശം വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ചെമ്പോല ആധികാരികമെന്ന ദേശാഭിമാനി പത്രത്തിലെ വാര്‍ത്തക്കെതിരെ നടപടി ഉണ്ടാകുമോ എന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ചോദ്യത്തിന് വ്യക്തമായി മറുപടി പറയാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

Next Story