Top

മോൻസൻ മാവുങ്കലുമായി അടുത്ത ബന്ധം; സി ഐ ശ്രീകുമാറിന് സസ്പെൻഷൻ

മോൻസന്റെ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ശ്രീകുമാറിന് അറിവുണ്ടായിരുന്നുവെന്ന അനുമാനത്തിലാണ് അന്വേഷണമുണ്ടായത്

2 Dec 2021 12:34 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോൻസൻ മാവുങ്കലുമായി അടുത്ത ബന്ധം; സി ഐ ശ്രീകുമാറിന് സസ്പെൻഷൻ
X

തിരുവനന്തപുരം: പുരാവസ്തു- സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലുമായി അടുത്ത ബന്ധം സൂക്ഷിച്ച സംഭവത്തിൽ മുൻ ചേർത്തല സിഐ ശ്രീകുമാറിന് സസ്പെൻഷൻ. മോൻസനുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിനിടയിൽ സിഐയ്ക്ക് ഇയാളുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നടന്ന കൂടുതൽ അന്വേഷണത്തിനൊടുവിലാണ് ക്രൈംബ്രാഞ്ച് മേധാവി മുൻ ചേർത്തല സിഐയെ സസ്പെൻഡ് ചെയ്തത്.

പ്രാഥമിക അന്വേഷണം പൂർത്തിയായതിന് പിന്നാലെ തന്നെ ശ്രീകുമാറിനെ ചേർത്തലയിൽ നിന്നും പാലക്കാട് ക്രൈം ബ്രാഞ്ച് യൂണിറ്റിലേക്ക് സ്ഥലം മാറ്റിയിരുന്നു. പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് മോൻസൻ മാവുങ്കലിനെ അറസ്റ്റ് ചെയ്യാൻ ഉദ്യോ​ഗസ്ഥരെത്തിയ സമയത്ത് സിഐ ഇയാളുടെ വീട്ടിലുണ്ടായിരുന്നു. മോൻസനെതിരെ ആരോപണം ഉന്നയിച്ചവരും ശ്രീകുമാറിനെതിരെ ചില ആരോപണങ്ങൾ നിരത്തിയതോടെയാണ് ഇക്കാര്യത്തിൽ ​ഗൗരവമായ അന്വേഷണമുണ്ടായത്.

മോൻസന്റെ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ശ്രീകുമാറിന് അറിവുണ്ടായിരുന്നുവെന്ന അനുമാനത്തിലാണ് അന്വേഷണമുണ്ടായത്. ഐജി ലക്ഷ്മണയ്ക്കൊപ്പം മോൻസനുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഉദ്യോ​ഗസ്ഥനാണ് ശ്രീകുമാർ. മോൻസന്റെ തട്ടിപ്പുകളെ കുറിച്ച് ഇയാൾക്ക് ധാരണയുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ശബ്ദ രേഖകളും പുറത്ത് വന്നിരുന്നു.



Next Story