ചെമ്പോല വ്യാജം, ലോഹവടിക്ക് പുരാവസ്തു മൂല്യം; മോന്സണ് കേസില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്
17 Jan 2022 11:03 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്സണ് മാവുങ്കലിന്റെ കൈവശമുള്ള വസ്തുക്കള്‍ പരിശോധിച്ചുള്ള ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ചിന് കൈമാറി. മോന്‍സനില്‍ നിന്നും പിടിച്ചെടുത്ത പത്ത് വസ്തുക്കളാണ് പരിശോധിച്ചത്. ഇതില്‍ രണ്ട് വസ്തുക്കള്‍ക്ക് മാത്രമാണ് പുരാവസ്തു മൂല്യമുള്ളത്. അത് ചില നാണയങ്ങളും ലോഹം ഘടിപ്പിച്ച കുന്തവുമാണ്. ഇവയ്ക്ക് പുരാവസ്തു മൂല്യമുണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇവയ്ക്ക് എത്ര കാലം പഴക്കമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല.
അതേസമയം സമയം ശബരിമല വിവാദവുമായി ബന്ധപ്പെട്ടുള്‍പ്പെടെ ഉയര്‍ത്തിക്കൊണ്ടു വന്ന മോന്‍സന്റെ കൈവശമുള്ള ചെമ്പോല പുരാവസ്തുവല്ലെന്ന് പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നു.
മോന്‍സന്റെ വീട്ടില്‍ നിന്നും പിടികൂടിയ നിരവധി വസ്തുക്കളില്‍ പത്ത് വസ്തുക്കള്‍ വീണ്ടും പരിശോധിക്കണമെന്ന് ക്രൈം ബ്രാഞ്ച് ആര്‍ക്കിയോളജിക്കല്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 29 ന് ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരെത്തി പത്ത് വസ്തുക്കള്‍ പരിശോധിച്ചത്. ചെമ്പോല, അംശവടി. നാണയങ്ങള്‍ തുടങ്ങിയവ ഇതിലുണ്ടായിരുന്നു.