Top

മങ്കിപോക്‌സ് മരണം: 'ആശങ്കപ്പെടേണ്ട', മനപൂര്‍വം രോഗം മറച്ചുവെച്ചുവെന്ന് കരുതുന്നില്ലെന്ന് മന്ത്രി

സമ്പര്‍ക്കത്തിലുള്ള 21 പേരും നിരീക്ഷണത്തിലാണ്, ആര്‍ക്കും രോഗലക്ഷണങ്ങളില്ല

1 Aug 2022 9:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മങ്കിപോക്‌സ് മരണം: ആശങ്കപ്പെടേണ്ട, മനപൂര്‍വം രോഗം മറച്ചുവെച്ചുവെന്ന് കരുതുന്നില്ലെന്ന് മന്ത്രി
X

തൃശൂര്‍: മങ്കിപോക്‌സിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ രാജന്‍. അനാവശ്യ ഭീതിയുടെ ആവശ്യമില്ല, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പ്രതികരിച്ചു. യുവാവ് മനപൂര്‍വം രോഗം മറച്ചുവെക്കുകയായിരുന്നുവെന്ന് കരുതുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

21ന് കേരളത്തിലെത്തിയ യുവാവ്, 26ന് വൈകുന്നേരം പനിയുടെ ലക്ഷണം മൂര്‍ഛിച്ചപ്പോഴാണ് ചികിത്സ തേടിയത്. വിവരമറിഞ്ഞതിനു ശേഷം അതീവ ജാഗ്രത ആരോഗ്യ വകുപ്പ് പാലിക്കുന്നുണ്ട്. സംഭവത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി തന്നെ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഇത്. യുവാവിന് കേരളത്തിലെത്തിയപ്പോള്‍ തന്നെ രോഗമുണ്ടാകുമെന്നാണ് കരുതുന്നതെങ്കില്‍, സമ്പര്‍ക്കത്തിലുള്ള മറ്റുള്ളവര്‍ക്ക് ലക്ഷണം ഉണ്ടാകേണ്ട സമയം കഴിഞ്ഞുവെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. അതില്ലാത്തിടത്തോളം അനാവശ്യമായി ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഭീതിയിലേക്ക് പോകേണ്ട ആവശ്യവുമില്ല. യുവാവ് മനപൂര്‍വം രോഗം മറച്ചു വെച്ചതാണെന്ന് കരുതുന്നില്ല. ലക്ഷണങ്ങള്‍ ഇല്ലാത്തതുകൊണ്ട് ഇത്തരമൊരു അസുഖമാണെന്ന് കരുതിയിട്ടുണ്ടാകില്ല. അമ്മയോടും സഹോദരിയോടും ഉള്‍പ്പടെ അടുത്തിടപഴകിയെന്ന് പറയുന്നു, ആരോഗ്യത്തിന്റെ കാര്യമായതുകൊണ്ട് ആരും വീഴ്ച കാണിക്കില്ല.

സമ്പര്‍ക്കത്തിലുള്ള 21 പേരും നിരീക്ഷണത്തിലാണ്. ആര്‍ക്കും രോഗലക്ഷണങ്ങളില്ല. മരിച്ച യുവാവിന് മറ്റു രോഗങ്ങള്‍ ഉണ്ടായിരുന്നോ എന്ന് പരിശോധിച്ച് വരികയാണ്. വിദേശത്ത് നിന്ന് വരുന്നവര്‍ ചെറിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരെ കാണണം. മെഡിക്കല്‍ കോളേജിലും ജില്ലാ ആശുപത്രിയിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാണ്. ഒരു സ്ഥലവും അടച്ചു പൂട്ടേണ്ടതില്ല. ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച രാവിലെയായിരുന്നു ചാവക്കാട് സ്വദേശിയായ യുവാവ് മരണമടഞ്ഞത്. തുടര്‍ന്ന് സ്രവസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. ആലപ്പുഴ വൈറോളജി ലാബിലെയും, പിന്നീട് പൂനൈ വൈറോളജി ലാബിലെയും പരിശോധനയില്‍ മങ്കിപോക്‌സ് ആണ് മരണകാരണമെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മങ്കിപോക്‌സ് വൈറസ് ബാധിച്ചുള്ള രാജ്യത്തെ ആദ്യ മരണമാണ് ഇത്.

Story Highlights: Monkeypox Response Of Minister K Rajan

Next Story

Popular Stories