Top

മങ്കി പോക്‌സ്: വിദേശത്തുനിന്നെത്തുന്ന എല്ലാവര്‍ക്കും കര്‍ശന ആരോഗ്യ പരിശോധന, നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍

രാജ്യത്തെ രണ്ടാമത്തെ മങ്കില പോക്‌സും കേരളത്തില്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കേന്ദ്രനിര്‍ദേശം

19 July 2022 1:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മങ്കി പോക്‌സ്: വിദേശത്തുനിന്നെത്തുന്ന എല്ലാവര്‍ക്കും കര്‍ശന ആരോഗ്യ പരിശോധന, നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍
X

ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ മങ്കി പോക്‌സും കേരളത്തില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിദേശത്തുനിന്നെത്തുന്ന എല്ലാവര്‍ക്കും ആരോഗ്യ പരിശോധന കര്‍ശനമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധന നടത്തണമെന്നാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

രണ്ട് പേര്‍ക്ക് മങ്കി പോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിമാനത്താവള, തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുമായി ആരോഗ്യവകുപ്പ് ഡയറക്ടര്‍മാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. വിദേശത്തുനിന്നെത്തുന്നവരില്‍ നിന്ന് രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ കര്‍ശന പരിശോധനകള്‍ വേണമെന്ന് നിര്‍ദേശം നല്‍കി. വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും പ്രവേശന കവാടങ്ങളിലെ ആരോഗ്യ പരിശോധനാ നടപടിക്രമങ്ങള്‍ കേന്ദ്രം അവലോകനം ചെയ്തു. കേന്ദ്രആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശമുണ്ട്. രോഗ നിയന്ത്രണത്തിന് സംസ്ഥാന ഭരണകൂടങ്ങളും വിമാനത്താവളം-തുറമുഖ വിഭാഗങ്ങളും തമ്മില്‍ കാര്യക്ഷമമായ ഏകോപനം ആവശ്യമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കണ്ണൂര്‍ സ്വദേശിയായ യുവാവിനായിരുന്നു ഇന്നലെ മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. ഈ മാസം 13നാണ് യുവാവ് ദുബായില്‍ നിന്നെത്തിയത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും, സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. കൊല്ലം സ്വദേശിക്കായിരുന്നു നേരത്തെ മങ്കി പോക്‌സ് സ്ഥിരീകരിച്ചത്.

എന്താണ് മങ്കി പോക്സ്

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കി പോക്‌സ്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി മങ്കി പോക്‌സിന്റെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 9 വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ മങ്കി പോക്‌സ് ആദ്യമായി കണ്ടെത്തിയത്.

ലക്ഷണങ്ങള്‍

സാധാരണഗതിയില്‍ മങ്കി പോക്‌സിന്റെ ഇന്‍കുബേഷന്‍ കാലയളവ് ആറ് മുതല്‍ 13 ദിവസം വരെയാണ്. എന്നാല്‍ ചില സമയത്ത് ഇത് അഞ്ച് മുതല്‍ 21 ദിവസം വരെയാകാം. രണ്ട് മുതല്‍ നാല് ആഴ്ച വരെ ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കാറുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ്.പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്‍ജങ്ക്റ്റിവ, കോര്‍ണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു. രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീര്‍ണതകള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. അണുബാധകള്‍, ബ്രോങ്കോന്യുമോണിയ, സെപ്സിസ്, എന്‍സെഫലൈറ്റിസ്, കോര്‍ണിയയിലെ അണുബാധ എന്നിവയും തുടര്‍ന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീര്‍ണതകളില്‍ ഉള്‍പ്പെടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള അണുബാധ എത്രത്തോളം സംഭവിക്കാം എന്നത് അജ്ഞാതമാണ്.

Story Highlights: Monkeypox Centre advises screening international passengers

Next Story